MBZUAI : മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

 *നിങ്ങളുടെ ഭാവി AI-യിൽ ആണോ? അബുദാബിയിലെ MBZUAI ബിരുദ പ്രോഗ്രാമുകളെക്കുറിച്ചറിയാം!*


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എന്ന വാക്ക് ഇന്ന് നമ്മൾ എവിടെയും കേൾക്കുന്ന ഒന്നാണ്. നമ്മുടെ സ്മാർട്ട്‌ഫോണുകൾ മുതൽ ആരോഗ്യ സംരക്ഷണം വരെ, എഐയുടെ സ്വാധീനം അനുദിനം വർധിച്ചു വരികയാണ്. ഈ വിപ്ലവകരമായ സാങ്കേതികവിദ്യയിൽ ഒരു കരിയർ സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇതാ അബുദാബിയിൽ ഒരു സുവർണ്ണാവസരം! ലോകത്തിലെ തന്നെ ആദ്യത്തെ എഐ സർവ്വകലാശാലയായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (MBZUAI), അവരുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വിജയത്തിന് ശേഷം ഇപ്പോൾ പ്ലസ് ടു (+2) കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ബിരുദ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു. താത്പര്യപത്രങ്ങൾ മെയ് 31 വരെ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ക്ലാസുകൾ 2025 ആഗസ്ത് 18 മുതൽ ആരംഭിക്കും.


*എന്താണ് MBZUAI?*


അബുദാബിയിലെ മസ്ദാർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന MBZUAI, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും അനുബന്ധ വിഷയങ്ങളിലും ഗവേഷണത്തിനും പഠനത്തിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള *ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ്.* ലോകോത്തര നിലവാരത്തിലുള്ള അധ്യാപകർ, അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾ എന്നിവയെല്ലാം ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതകളാണ്. തുടക്കത്തിൽ ബിരുദാനന്തര ബിരുദ (M.Sc., Ph.D.) കോഴ്സുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ എഐ രംഗത്ത് അടിത്തറ മുതൽ വിദഗ്ദ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഈ വർഷം മുതൽക്ക് ബിരുദ തലത്തിലും കോഴ്സുകൾ തുടങ്ങിയിരിക്കുന്നത്.


*പ്ലസ് ടു കഴിഞ്ഞവർക്കുള്ള പുതിയ അവസരം: 2നൂതന Al ബിരുദ കോഴ്സുകൾ*


അടുത്തിടെ ഇറങ്ങിയ നൂതനമായ വിവരങ്ങൾ അനുസരിച്ച്  MBZUAI ഇപ്പോൾ കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലർ ഓഫ് സയൻസ് (B.Sc. in Al Engineering & BSc in Al Busines) പോലുള്ള 2 ബിരുദ പ്രോഗ്രാമുകൾ MBZUAI വാഗ്ദാനം ചെയ്യുന്നു.


* *ഫോക്കസ്:* ഈ കോഴ്സുകൾ കമ്പ്യൂട്ടർ സയൻസിൽ ശക്തമായ ഒരു അടിത്തറ നൽകുന്നതിനോടൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും വൈദഗ്ധ്യവും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. എഐ രംഗത്തെ ഭാവിയിലെ ഗവേഷകരെയും സംരംഭകരെയും ഫിൻടെക്ക് വിദഗ്ദരെയുമാണ് യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്.

* *കാലാവധി* സാധാരണയായി 4 വർഷത്തെ ബിരുദ പ്രോഗ്രാമായിരിക്കും ഇത്. 3 വർഷ അക്കാദമിക് പരിശീലനം ഒരു വർഷ ഇൻഡസ്ട്രി ഇൻ്റേൺഷിപ്പും അടങ്ങിയതാണിത്.


*ആർക്കെല്ലാം അപേക്ഷിക്കാം? എന്താണ് പ്രവേശന യോഗ്യത*


ഇതൊരു ലോകോത്തര സ്ഥാപനമായതിനാൽ പ്രവേശനം വളരെ മത്സരമുള്ളതായിരിക്കും. പ്രധാനമായും വേണ്ട യോഗ്യതകൾ ഇവയാണ്:


* *അക്കാദമിക് മികവ്* പ്ലസ് ടു സ്ട്രീമിൽ (പ്രത്യേകിച്ച് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ) വളരെ ഉയർന്ന മാർക്ക്/ഗ്രേഡ്.

* *ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം:* IELTS അല്ലെങ്കിൽ TOEFL പോലുള്ള പരീക്ഷകളിൽ മികച്ച സ്കോർ.

* *സ്റ്റാൻഡേർഡ് ടെസ്റ്റുകൾ:* SAT  പോലുള്ള പരീക്ഷകളുടെ സ്കോറുകൾ ആവശ്യമായി വന്നേക്കാം.

* *സ്റ്റേറ്റ്മെൻ്റ് ഓഫ് പർപ്പസ് (SOP)* എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നു, എഐയിലുള്ള താല്പര്യം എന്നിവ വ്യക്തമാക്കുന്ന ഒരു വിവരണം.

* *റെക്കമെൻ്റേഷൻ ലെറ്ററുകൾ:* അധ്യാപകരിൽ നിന്നുള്ള ശുപാർശ കത്തുകൾ.

* *മത്സരക്ഷമത:* ഉയർന്ന മാർക്കുള്ള ധാരാളം അപേക്ഷകരിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് തിരഞ്ഞെടുക്കുക. ചിലപ്പോൾ അഭിമുഖമോ പ്രത്യേക പരീക്ഷയോ ഉണ്ടാകാം. യുഎഇ പൗരന്മാർക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.


*സുവർണ്ണാവസരം: സ്കോളർഷിപ്പുകളുടെ രൂപത്തിൽ*


MBZUAI-യുടെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ സ്കോളർഷിപ്പുകളാണ്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് എന്ന പോലെ, ബിരുദ കോഴ്സുകൾക്കും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് *പൂർണ്ണ സ്കോളർഷിപ്പ്* ലഭിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണയായി താഴെ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നു:


* ട്യൂഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കും. നിലവിൽ 45000 ഡോളർ ആണ് പ്രതിവർഷ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

* താമസം (ഹോസ്റ്റൽ സൗകര്യം).

* ഹെൽത്ത് ഇൻഷുറൻസ്.

* ചിലപ്പോൾ അർഹതപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കാം.


ഈ സ്കോളർഷിപ്പുകൾ പ്രധാനമായും വിദ്യാർത്ഥിയുടെ അക്കാദമിക് മികവും എഐ രംഗത്തുള്ള അഭിരുചിയും പരിഗണിച്ചാണ് നൽകുന്നത്. ഇത് പഠനച്ചെലവ് താങ്ങാനാവാത്ത മിടുക്കരായ വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമാണ്. കോഴ്സ് തീരുന്നത് വരെ അക്കാദമിക നിലവാരം കീപ് ചെയ്യാൻ വിദ്യാർത്ഥികൾക്കാവണം.


*എന്തുകൊണ്ട് MBZUAI തിരഞ്ഞെടുക്കണം?*


* പൂർണ്ണമായും എഐയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലയാണിത്.

* ലോകോത്തര നിലവാരമുള്ള അധ്യാപകരും ഗവേഷണ സൗകര്യങ്ങളും ഉണ്ട്.

* അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലം.

* വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം പഠിക്കാനുള്ള അവസരം.

* ആകർഷകമായ പൂർണ്ണ സ്കോളർഷിപ്പുകൾ.

* യുഎഇയുടെ തലസ്ഥാന നഗരിയിലെ പഠനാവസരം.


*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:*


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികളും മറ്റ് ഏറ്റവും പുതിയ വിവരങ്ങളും കൃത്യമായി അറിയാൻ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://mbzuai.ac.ae/study/undergraduate-program/ നിരന്തരം പരിശോധിക്കുക. ഓരോ വർഷത്തെയും പ്രവേശന രീതികളിലും യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരാം.


*ലാസ്റ്റ് പോയൻ്റ്*


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ അഭിനിവേശമുള്ള, പ്ലസ് ടു ഉയർന്ന മാർക്കോടെ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിൽ, ഒരുപക്ഷേ പൂർണ്ണ സ്കോളർഷിപ്പോടെ പഠിക്കാൻ യുഎഇയിൽ തന്നെ ലഭിക്കുന്ന അപൂർവ അവസരമാണ് MBZUAI നൽകുന്നത്. താല്പര്യമുണ്ടെങ്കിൽ, വെബ്സൈറ്റ് വിശദമായി പരിശോധിച്ച് പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങുക. നിങ്ങളുടെ എഐ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാൻ MBZUAI ഒരു മികച്ച സ്ഥാപനം ആണ്‌ 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce