സി.എ പരീക്ഷയിലെ മാറ്റങ്ങൾ @ CA
സി.എ. ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളിലെ വിഷയങ്ങളുടെ എണ്ണം എട്ടിൽ നിന്ന് ആറായി ചുരുക്കി.
അതോടൊപ്പം സി.എ. ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് ശേഷം നാല് മൊഡ്യൂളുകൾക്കായി സെൽഫ്-പേസ്ഡ് ഓൺലൈൻ മൊഡ്യൂളും (എസ് പി ഒ എം) അവതരിപ്പിച്ചിട്ടുണ്ട്.നാല് വിഷയങ്ങളിൽ മൂന്നെണ്ണം ഫിനാൻസുമായും നാലാമത്തേത് ഭരണഘടന, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങളുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഇവ പഠിക്കുന്നത് വഴി ഫിനാൻഷ്യൽ മേഖലയെക്കുറിച്ചുള്ള അറിവുകൾക്കപ്പുറം സമൂഹത്തെക്കുറിച്ച് കൂടുതൽ അറിയാനും അതിലേക്ക് ഇറങ്ങിച്ചെല്ലാനും വിദ്യാർഥികൾക്ക് സാധിക്കുന്നു.
ഇതുവരെ സിലബസിൽ പാർട്ട് ക്വാളിഫിക്കേഷൻ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നിലവിൽ, സി.എ ഫൈനൽ ഒഴികെ ഇന്റർമീഡിയറ്റ്, ആർട്ടിക്കിൾഷിപ്പ് തുടങ്ങിയ മറ്റ് സി.എ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർക്ക് "ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ്" എന്ന പാർട്ട് ക്വാളിഫിക്കേഷനും ലഭിക്കും.
സി.എ. പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വന്ന മാറ്റം വിദ്യാർഥികൾക്ക് അവരുടെ പഠനം ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു.
മുൻപ്, ബിരുദധാരികൾക്ക് സി.എ. ഇന്റർമീഡിയറ്റ് പരീക്ഷ എഴുതാൻ ഒമ്പത് മാസത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, പരീക്ഷ പാസായശേഷവും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കാം.
ഈ മാറ്റം വിദ്യാർഥികൾക്ക് അവരുടെ പഠനവും പ്രൊഫഷണൽ പരിശീലനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
പാസിങ് സ്കോറിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. സി.എ. ഫൗണ്ടേഷൻ പരീക്ഷ പാസ്സാകാൻ 40 % മാർക്ക് നേടണം. മൊത്തം നാല് വിഷയങ്ങളാണുള്ളത്. ഓരോന്നിനും 100 മാർക്കാണ്. നാല് പരീക്ഷ ജയിക്കാൻ 200 മാർക്ക് നേടണം.
സി.എ. ഇന്റർമീഡിയറി പരീക്ഷയ്ക്ക് ആറ് വിഷയങ്ങളുണ്ട്. ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായി മൂന്ന് വിഷയങ്ങളുമുണ്ടാകും. മുൻപ് ഇത് നാല് ആയിരുന്നു. ഇപ്പോൾ ഒരു ഗ്രൂപ്പ് ജയിക്കാൻ 150 മാർക്ക് നേടണം. ഗ്രൂപ്പ് ഒന്നും രണ്ടും ജയിക്കാനായി 300 മാർക്കാണ് നേടേണ്ടത്.
ഫൈനൽ പരീക്ഷയ്ക്കും ഇതേ രീതിയിലാണ് മൂല്യനിർണയം. ഒരു വിദ്യാർത്ഥിക്ക് ഒരു വിഷയത്തിൽ 60 മാർക്കിന് മുകളിൽ ലഭിക്കുകയാണെങ്കിൽ, ആ വിഷയം അടുത്ത മൂന്ന് ശ്രമങ്ങളിൽ എഴുതേണ്ടതില്ല.
*ഇപ്പോൾ ജനുവരി, മെയ്, സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് സി.എ ഫൗണ്ടേഷൻ*, ഇന്റർമീഡിയറ്റ് പരീക്ഷകൾ നടക്കുക. അതേസമയം സി.എ ഫൈനൽ പരീക്ഷയുടെ തീയതികളിൽ മാറ്റമില്ല - മെയ്, നവംബർ മാസങ്ങളിൽ തന്നെ നടക്കും.
Comments
Post a Comment