To those who are preparing to study abroad : വിദേശത്ത് പഠിക്കാനായി ഒരുങ്ങുന്നവരോട്

ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്. 


_എന്തിനാണ് വിദേശത്തേക്ക് പോകുന്നത്_


വിദേശ രാജ്യങ്ങളിൽ ഉള്ള കോളേജുകളിൽ പഠിക്കാൻ നല്ല ചെലവാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് പഠിച്ചിറങ്ങുന്ന കോഴ്സുകൾ വിദേശത്ത് പഠിച്ചിറങ്ങുമ്പോൾ ചിലപ്പോൾ 20 ലക്ഷമാകും. പഠിച്ചതിനു ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരുവാൻ ആണെങ്കിൽ ഫുൾ സ്കോളർഷിപ്പിൽ(full scholarship) അല്ലാതെ പോകുന്നത് വൻ മണ്ടത്തരമാണ്. പഠിച്ചതിനു ശേഷം വിദേശത്ത് തന്നെ തുടരാൻ ആണെങ്കിൽ പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് (Return of Investment) എത്രയാണെന്ന് കണക്കാക്കണം.


_പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻ്റ്_


ചില ഡിഗ്രികൾ പഠിച്ചാൽ ജോലി കിട്ടാനും കിട്ടുന്ന ജോലിക്ക് ഉയർന്ന ശമ്പളം ലഭിക്കുവാനും ഉള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ് മാസ്റ്റേഴ്സ് ഡിഗ്രി (Electronics/Electrical Engineering Masters degree) അല്ലെങ്കിൽ നഴ്സിംഗ് ഡിഗ്രി. നഴ്സിംഗ് ഡിഗ്രി എടുത്തതിനു ശേഷം ക്വാളിഫിക്കേഷൻ  എക്സാം (qualification exam) പാസായാൽ ഒരുമാതിരി എല്ലാ വിദേശരാജ്യങ്ങളിലും ജോലി കിട്ടാൻ എളുപ്പമായിരിക്കും. ഇതേപോലെ തന്നെ വെസ്റ്റേൺ കൺട്രീസിൽ ഇലക്ട്രോണിക് എൻജിനീയേഴ്സിനെല്ലാം നല്ല ഡിമാൻഡ് ആണ്. ജോലി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ജോലി കിട്ടിയാൽ ശമ്പളം വളരെ കൂടുതലായിരിക്കും. കമ്പ്യൂട്ടർ സയൻസ് എൻജിനീയർമാർക്കും ജോലി കിട്ടാൻ പൊതുവേ എളുപ്പമാണ് ശമ്പളവും ഉണ്ടാകും. ഈ പറഞ്ഞ ജോലികളെല്ലാം മിക്കവാറും പ്രൈവറ്റ് കമ്പനികളിൽ ആയിരിക്കും. ഈ കമ്പനികൾ നമുക്ക് വേണ്ട വിസയും ഇമിഗ്രേഷൻ (immigration paperwork) പേപ്പർ വർക്കും ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.


നേഴ്സിങ് ഡിഗ്രി പഠിക്കുവാനും എൻജിനീയറിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി (മാസ്റ്റേഴ്സ് ഡിഗ്രികൾക് പൊതുവേ രണ്ടു കൊല്ലം മതി) എടുക്കുവാനും പൊതുവേ മറ്റു നാലുവർഷ കോഴ്സുകളെ  വച്ച് ചെലവ് വളരെ കുറവാണ്. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടുവാനുള്ള സാധ്യത കൂടുതലുമാണ്


അതേ സമയം ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ(English language literature) മാസ്റ്റേഴ്സ് എടുത്ത ഒരാൾക്ക് ജോലി സാധ്യതകൾ കുറച്ചു കുറവാണ്. കാരണം സ്കൂളുകളിലോ കോളേജുകളിലോ അധ്യാപകരായിട്ടോ അല്ലെങ്കിൽ ചില കമ്പനികൾ അവരുടെ ക്രിയേറ്റീവ് റൈറ്റിങ്ങിനു(creative writing) അല്ലെങ്കിൽ അവരുടെ ഒഫീഷ്യൽ മെമ്മോസ് (official memos)എഴുതുവാനോ ഒക്കെയാണ് ഈ ഡിഗ്രി ഉള്ളവരെ ജോലിക്ക് എട്ക്കുന്നത്. ഇങ്ങനെയുള്ള കമ്പനികൾ നമുക്ക് വിസയോ അല്ലെങ്കിൽ വേറെ ഇമിഗ്രേഷൻ പേപ്പർ വർക്കോ ചെയ്യുവാനുള്ള സാധ്യത വളരെ കുറവാണ്.


ഇനി നാലുവർഷത്തേക്കുള്ള എൻജിനീയറിങ് ഡിഗ്രി വിദേശത്ത് പോയി ചെയ്യാൻ തീരുമാനിച്ചാൽ നമ്മൾ പഠിക്കുന്ന സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ ജോലി ഉറപ്പു പറയാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ എല്ലാം ഭാഗ്യം പോലെ ഇരിക്കും. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്ക കാനഡ ജർമ്മനി ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ മിക്കവാറും എൻജിനീയറിങ് കോഴ്സുകളിൽ ആ രാജ്യത്തെ പൗരന്മാരായ ചെറുപ്പക്കാർ ഒരുപാടുണ്ടാകും. വിദേശത്തു നിന്നുള്ള ഒരാൾക്ക് വർക്ക് വിസയും(work visa) ഇമിഗ്രേഷൻ പേപ്പർ വർക്കും ചെയ്യേണ്ട സമയത്ത് ഈ വിദ്യാർത്ഥികളെ ഇതൊന്നും ചെയ്യാണ്ട് അതേ ജോലിക്ക് വേണ്ടി എടുക്കാം. അപ്പോൾ നമ്മൾ ഒരു ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ നമ്മൾക്ക് വേണ്ടി ഒരു കമ്പനി ഇതെല്ലാം ചെയ്യാൻ തയ്യാറാവുകയുള്ളൂ. അതേസമയം വിദേശരാജ്യങ്ങളിൽ മാസ്റ്റർ ഡിഗ്രിക്ക് പോകുന്നവർ വളരെ കുറവാണ്. കാരണം പ്രൊഫഷണൽ കോഴ്സുകളിൽ ബാച്ചിലേഴ്സ് ഡിഗ്രിക്ക് (bachelor’s degree) ശേഷം മിക്കവാറും എല്ലാവർക്കും ജോലി കിട്ടും. അപ്പോൾ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞിട്ട് ജോലി കിട്ടുവാൻ മത്സരം കുറവായിരിക്കും. അതേ പോലെ ഇമിഗ്രേഷൻ പേപ്പർ വർക്ക് ചെയ്യുവാനും മാസ്റ്റർ ഡിഗ്രി പലപ്പോഴും സഹായകരമാണ്.


പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ ഡോക്ടർ ആവാൻ ഒരു കോളേജിൽ കയറിയാൽ ഏകദേശം 7-8 കൊല്ലം കഴിയുമ്പോഴാണ് ഡോക്ടർ ആയി ഉള്ള ലൈസൻസ് കിട്ടുക. ഇന്ത്യയിൽ നിന്ന് നേരെ പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ വന്ന് ഡോക്ടറാവാൻ ചേർന്നാൽ കോഴ്സ് കഴിയുമ്പോഴേക്കും കോടിക്കണക്കിന് രൂപ കടം വരും. അതേ സമയം എംബിബിഎസ് (MBBS) നാട്ടിൽ നിന്ന് എടുത്തിട്ട് അമേരിക്കയിലെ ക്വാളിഫിക്കേഷൻ എക്സാം (qualification exam) USMLE പാസായി എംഡിക്ക്(MD) കയറുകയാണെങ്കിൽ ചിലപ്പോൾ മൂന്നു കൊല്ലത്തിനുള്ളിൽ ലൈസൻസ് കിട്ടും. 


ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന രീതിയിൽ അംഗീകൃതമായ കോഴ്സുകളെ ഇന്ത്യയിൽ നിന്ന് എടുക്കാവൂ എന്നുള്ളതാണ്


ഇനി മാസ്റ്റേഴ്സ് ഡിഗ്രിക്ക് പകരം പിഎച്ച്ഡി എടുക്കുവാനാണ് വിദേശത്തേക്ക് പോകുന്നതെങ്കിൽ മിക്കവാറും സ്റ്റൈപ്പൻഡ് (stipend) ആയി ഒരു തുക ഇങ്ങോട്ട് കിട്ടും. പൊതുവേ നമ്മുടെ ഫീസും ജീവിതചലവും അതുകൊണ്ട് കഴിഞ്ഞുപോകാം


പഠിച്ചതിനുശേഷം ജോലി ചെയ്യുവാൻ ഉള്ള വിസ കിട്ടുമോ?


അമേരിക്കയിൽ രണ്ടു കൊല്ലം ദൈർഘ്യമുള്ള STEM (Science Technology Engineering Mathematics) കാറ്റഗറിയിൽ വരുന്ന കോഴ്സുകൾ എടുക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്കുള്ള വർക്ക് വിസ കിട്ടും. ഇതിന് OPT എന്നാണ് പറയുക. കോഴ്സ് കഴിഞ്ഞു OPT കിട്ടിയാൽ 90 ദിവസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കണം. ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഇനി ജോലി കിട്ടിയാൽ തന്നെ മൂന്നു കൊല്ലത്തിനുള്ളിൽ വേറെ ഏതെങ്കിലും വിസയിലേക്ക് മാറണം. അല്ലെങ്കിൽ മൂന്നു കൊല്ലത്തിനു ശേഷം തിരിച്ചുപോണം. അമേരിക്കയിലെ നിലവിലെ സാഹചര്യത്തിൽ ഈ വിസക്ക് H1B എന്നാണ് പറയുക. H1B വിസ ഒരു ലോട്ടറി ആണ്. വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. അതിനുശേഷം മൂന്നു കൊല്ലത്തിനുള്ളിൽ രണ്ട് ചാൻസ് മാത്രമേ കിട്ടുകയുള്ളൂ വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുക്കാൻ. അതിനുള്ളിൽ കിട്ടിയാൽ അമേരിക്കയിൽ തുടരാം ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഈ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ മുടക്കി അമേരിക്കയിൽ പഠിക്കാൻ പോകുന്നത് വൻ റിസ്കാണ്.


ഇതെ ഡിഗ്രി കാനഡയിലോ ഓസ്ട്രേലിയയിലോ എടുത്താൽ വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിച്ചാൽ മതി. പിന്നെ അവിടെ വിസ അപ്ലിക്കേഷനിൽ ഒരു ലോട്ടറി സമ്പ്രദായമോ ഭാഗ്യത്തിൻ്റെ കളിയോ ഒന്നുമില്ല. അതുകൊണ്ട് പഠിക്കാൻ സ്വീകരിക്കുന്ന രാജ്യം വളരെ പ്രധാനമാണ്.


എന്നാൽ ഡോക്ടറേറ്റ് ചെയ്യാൻ വളരെ നല്ല ഒരു രാജ്യമാണ് അമേരിക്ക. PhD ചെയ്താൽ EB1 എന്ന ഒരു കാറ്റഗറിയിൽ പെർമനന്റ് റെസിഡൻസി(permanent residency) അല്ലെങ്കിൽ ഗ്രീൻ കാർഡ്(green card) കിട്ടുന്ന ഒരു പ്രോഗ്രാം അമേരിക്കയിൽ ഉണ്ട്. അതുകൊണ്ട് PhD ഉള്ളവർക്ക് ഈ വിസയുടെ ടെൻഷൻ പൊതുവേ ഉണ്ടാവാറില്ല.


പല രാജ്യങ്ങളിലും അവിടെ പഠിച്ചു കഴിഞ്ഞാൽ എത്ര കാലം ജോലി ചെയ്യാം എന്നുള്ളതിന് വളരെ കൃത്യമായ നിയമമുണ്ട്. ഇത് അന്വേഷിച്ചിട്ട് മനസ്സിലാക്കിയിട്ട് മാത്രമേ കോളേജിൽ അഡ്മിഷൻ എടുക്കാവൂ.


*ബാച്ചിലർ ഡിഗ്രി പഠിക്കണോ അതോ മാസ്റ്റേഴ്സ് ഡിഗ്രി  പഠിക്കണോ?*


പൊതുവായ അഭിപ്രായത്തിൽ നഴ്സിംഗ് ആണ് ബാച്ചിലർ ഡിഗ്രി പഠിക്കുവാനായി വിദേശത്ത് പോകുവാൻ മുതൽ ആകുന്ന ഒരേ ഒരു പ്രൊഫഷൻ. എൻജിനീയറിങ് ഡിഗ്രിയും ഫിസിക്സും (physics) കെമിസ്ട്രിയും (chemistry) എല്ലാം മാസ്റ്റേഴ്സ് പഠിക്കുവാനാണ് പോകാൻ നല്ലത്. ആനിമേഷൻ (animation) ക്രിയേറ്റീവ് റൈറ്റിംഗ് (creative writing) എന്നിവയെല്ലാം ആയാലും ഇന്ത്യയിൽ ബാച്ചിലേഴ്സ് ഡിഗ്രി (bachelor’s degree) പഠിച്ചു ഒന്ന് രണ്ട് കൊല്ലത്തെ ജോലി പരിചയത്തിനു ശേഷം വിദേശത്തേക്ക് മാസ്റ്റേഴ്സ് എടുക്കാൻ പോകുന്നതാണ് നല്ലത്.

 അമേരിക്കയിലേക്ക് പോകാനുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും നല്ലത് PhD എടുക്കാൻ പോവുന്നതാണ്. മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുവാൻ പോവുന്നതാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ക്ലാസിലെ മികച്ച 20% ത്തിൽ എത്തുമെന്ന് ഉറപ്പുണ്ടെങ്കിലേ പോകാവൂ. അല്ലെങ്കിൽ ജോലി കിട്ടുവാൻ സ്വല്പം ബുദ്ധിമുട്ടാണ്.


*ഏതു കോളേജിൽ പോകുന്നു എന്നുള്ളതും വളരെ പ്രധാനമാണ്.*


വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികൾ വളരെ ഉയർന്ന ഫീസ് കൊടുക്കുന്ന കാരണം നാട്ടിലെ പാരലൽ കോളേജ് പോലെ കുറെ തരികിട കോളേജുകളും പാശ്ചാത്യ നാടുകളിൽ ഉണ്ട്. നാട്ടിൽ നിന്ന് ലക്ഷങ്ങൾ കൊടുത്ത് പഠിക്കാൻ വരുമ്പോൾ ഏതു കോളേജിലും അഡ്മിഷൻ കിട്ടിയാൽ പോകും എന്ന് വിചാരിക്കരുത്. നല്ല പേരുള്ള വലിയ യൂണിവേഴ്സിറ്റി ആണോ എന്ന് നോക്കിയിട്ട് മാത്രമേ പഠിക്കാൻ ചേരാൻ പാടുള്ളൂ.  നല്ല നഗരങ്ങളിലുള്ള നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ജോലി സാധ്യത വളരെ കൂടുതലാണ്. വളരെ ആൾതാമസം കുറഞ്ഞ ഒഴിഞ്ഞ നഗരങ്ങളിലുള്ള ചെറിയ കോളേജുകളിൽ പഠിച്ചാൽ പാർട്ട് ടൈം (part time)ജോലി കിട്ടുവാനും പഠനത്തിനുശേഷം നല്ല ജോലി കിട്ടുവാനും ക്യാമ്പസ് ഇൻറർവ്യൂകളിൽ (campus interview) പങ്കെടുക്കുവാനുള്ള സാഹചര്യവും എല്ലാം കുറവായിരിക്കും. ഇതേ പോലെ തന്നെ യൂണിവേഴ്സിറ്റി ഒരു സുപ്രഭാതത്തിൽ നിർത്തി പോകില്ല എന്നുള്ളതും നമുക്ക് ഉറപ്പാക്കേണ്ട കാര്യമാണ്. പഠിച്ചുകൊണ്ടിരിക്കെ യൂണിവേഴ്സിറ്റി നിർത്തി പോയി കാശും പോയി ഡിഗ്രിയും ഇല്ല എന്നുള്ള അവസ്ഥയിൽ കുറെ വിദ്യാർത്ഥികൾ കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് അമേരിക്കയിൽ പെട്ടുപോയതാണ്.


Foot Note : 

നാട്ടിലെ പരീക്ഷ കഷ്ടിച്ച് പാസാവുന്ന വിദ്യാർത്ഥിയെ വിദേശത്ത് പഠിക്കാൻ വിട്ട് അവൻ അല്ലെങ്കിൽ അവൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. നന്നായി പഠിക്കും എന്നുണ്ടെങ്കിൽ മാത്രമേ പഠിക്കാനായി വിദേശത്ത് പോകേണ്ട കാര്യമുള്ളൂ. 

 ജപ്പാൻ കാനഡ പോലെയുള്ള രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നത് കാരണം പുറത്തുനിന്ന് ആൾക്കാരെ സ്വീകരിക്കാൻ അവർ തയ്യാറാണ്. ഇതിന് അവിടുത്തെ കോളേജിൽ പഠിക്കണം എന്നു നിർബന്ധമില്ല. ആ രാജ്യങ്ങളുടെ ഇമിഗ്രേഷൻ പദ്ധതികളിൽ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ആൾക്കാരെ സ്വീകരിക്കുവാനുള്ള വഴികൾ അവർ തുറന്നു വച്ചിട്ടുണ്ടാകും. ചിലപ്പോൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിനെകാൾ (Software Engineer) ഹെവി ട്രക്ക് (heavy truck) അഥവാ ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് ആയിരിക്കും ചില രാജ്യങ്ങളിലേക്ക് പോകുവാനുള്ള അവസരങ്ങൾ കൂടുതൽ. 

വിദേശത്ത് പോവാനുള്ള ആഗ്രഹത്തിനു വേണ്ടി ലക്ഷങ്ങളുടെ കടം എടുക്കുന്നതിന് പകരം ജനസംഖ്യ കുറവു കാരണം വിദേശികളെ ആകർഷിക്കുവാനായി താല്പര്യമുള്ള രാജ്യങ്ങൾ ഏതുതരം കഴിവുകൾക്കാണ് അല്ലെങ്കിൽ ഏത് ജോലിക്കാർക്കാണ് മുൻഗണന നൽകുന്നത് എന്ന് കണ്ടുപിടിച്ച് ആ ജോലി പഠിക്കുവാൻ ആയിരിക്കും ചെലവ് കുറവ്.


*നമ്മുടെ കഴിവ് ആവശ്യമുള്ള രാജ്യം ഏതാണെന്ന് നോക്കി അങ്ങോട്ട് പോകാൻ ആവശ്യമുള്ളത് ചെയ്യുന്നതാണ് കണ്ണുമടച്ച് വിദേശത്ത് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനേക്കാൾ നല്ലത്.*

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students