Don't rob your children of their childhood

 *മക്കളുടെ ബാല്യത്തെ കവർന്നെടുക്കരുത്. അവർ മനസ്സ് നിറഞ്ഞാസ്വദിക്കട്ടെ

പ്രിയപ്പെട്ട അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വിനയത്തോടുള്ള അഭ്യർത്ഥനയാണിത്.

നമ്മളുടെ മക്കൾ നാടിൻ്റെ പ്രതീക്ഷകളാണ്. നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ബാല്യം അവരാസ്വദിച്ച് ജീവിക്കട്ടെ.


ഒരു ചെറിയ സംഭവ കഥയിലൂടെ...


ഓഫീസിലെ തിരക്കിനിടയിലാണ് രാജുവിന് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ?


"എപ്പോഴാ ടൂഷന് സമയമുള്ളത് "   രാജു ഭാര്യയോട് ചോദിച്ചു 


"വൈകുന്നേരം നാല് മുതൽ ഏഴു വരെ "  മറുപടി കേട്ട് രാജു ഞെട്ടി !!!


" അത് മോന് കളിക്കാനുള്ള സമയമല്ലേ  , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട "

രാജു പറഞ്ഞു


"അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " ഭാര്യ മറുപടി പറഞ്ഞു 


"അവനെ അടുത്തുള്ള കുട്ടികളെ പോലെ ആക്കുകയല്ല , അവനെ അവനാക്കുകയാണ് ചെയ്യേണ്ടത് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു രാജു ഫോൺ കട്ട് ചെയ്തു.


🔲നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെയെങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പു വരുത്തണം , 

പഠിക്കാൻ സമയം കുറഞ്ഞു പോയാലും വലിയ പ്രശ്നമൊന്നും ഇല്ല .. 

പ്രൈമറിയിലും, UP യിലും കുട്ടികൾ വാങ്ങുന്ന റാങ്കും  മാർക്കും ഒന്നുമല്ല കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് . 


കുട്ടികൾ വലുതായാലും അവർക്ക് വേണമെങ്കിൽ പഠിക്കാൻ ധാരാളം സമയം കിട്ടും , 

പക്ഷെ കളിക്കാൻ , മതിമറന്നു ഉല്ലസിച്ചു കളിക്കാൻ പതിനഞ്ചു വയസ്സ് വരെയേ ഒരു കുട്ടിക്ക് കഴിയൂ. 


പഠിക്കാൻ ചിലവഴിച്ചതിലേറെ സമയം കളിക്കാൻ ചിലവഴിച്ച വ്യക്തികൾ ആണു നല്ല മനുഷ്യർ ആയിട്ടുള്ളത്, 

ചെറിയ ക്ലാസ്സുകളിൽ പരീക്ഷകളൊക്കെ നേരത്തെ  കഴിഞ്ഞാൽ ബാക്കിയുള്ള സമയം ഗ്രൗണ്ടുകളിലേക്കാണ് നമ്മളും നമ്മുടെ മുതിർന്നവരും ഓടിയിരുന്നത്. 

ചുറ്റുപാടുകൾ, പ്രകൃതി , സാമൂഹ്യ ജീവിതം , ലീഡർഷിപ്പ്, കായിക ക്ഷമത , മാനസിക ഉല്ലാസം ഇതെല്ലാം നമുക്ക് ധാരാളം  കിട്ടിയിട്ടുണ്ട്. 

തിരിഞ്ഞു നോക്കുമ്പോൾ വർണ്ണ ശബളമായ ഒരു കുട്ടിക്കാലം ഉണ്ട് എന്നത് തന്നെയാണ്  വലിയ സന്തോഷം. .


ഇത്രയൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ കരുതുന്നത് നമ്മൾ കുട്ടികളെ  പഠിപ്പിക്കേണ്ട എന്നാണ് ഞാൻ പറയുന്നത് എന്നാവും. അങ്ങിനെയല്ല, പഠിപ്പിക്കണം, അവർ എന്തിനാണ് പഠിക്കേണ്ടത് എന്ന് അവരെ ബോധ്യപ്പെടുത്തണം, മാർക്കിനോടൊപ്പം, ജീവിത മൂല്യം , ധാർമികത , പ്രതിസന്ധികളെ അതിജയിക്കാനുള്ള കഴിവ് ,നേതൃത്വഗുണം , കുടുംബ സാമൂഹ്യ ബന്ധങ്ങൾ ,  എല്ലാം കുട്ടികൾക്ക് പകർന്നു കൊടുക്കണം . പലപ്പോഴും കുട്ടികളെ വലിയവരാക്കുന്നത് അവർക്കു   ലഭിക്കുന്ന മൂല്യങ്ങളാണ്, മാർക്കുകളല്ല.

നമ്മുടെ കുട്ടികളുടെ പഠനം ഒരിക്കലും നമ്മൾ മാതാപിതാക്കളുടെ അഭിമാന പ്രശ്നം ആയി മാറരുത്   . 


കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം,  

*ഓർക്കുക ലോകത്തിലെ എല്ലാ ഹീറോസും ഹീറോകൾ ആയിത്തീർന്നത്  അവരുടെ കഴിവിനെ പരിപോഷിപ്പിച്ചിട്ടാണ്, മാർക്ക് ഷീറ്റിലെ നമ്പറുകൾ  കൊണ്ടല്ല*


*പരീക്ഷയിൽ തോറ്റവരും ജീവിതത്തിൽ വിജയിച്ചിട്ടുണ്ട് , ജീവിതത്തിൽ ജയിക്കാൻ കഴിയാത്തവൻ എത്ര പരീക്ഷ  ജയിച്ചിട്ടും കാര്യമില്ല ..*


🔹അത് കൊണ്ട്, പ്രിയപ്പെട്ടവരെ... നമ്മുടെ കുട്ടികൾ   കളിക്കട്ടെ , അവരുടെ ബാല്യത്തെ അവർക്ക് തന്നെ കൊടുക്കാം.... അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ ബാല്യത്തെ അവരിൽ നിന്നും ഒരിക്കലും മോഷ്ടിക്കരുത്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students