NCHM - JEE

 *മികച്ച സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ അവസരം*

  നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ.) 2024 മേയ് 11-ന് നടത്തും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്‌സി. പ്രോഗ്രാമിലേക്കാണ് പ്രവേശനം. ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ അംഗീകാരമുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യാണ് പരീക്ഷ നടത്തുന്നത്.


2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിനനുസൃതമായി താത്പര്യമെങ്കിൽ നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.


ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസസ്, ഫ്രൺഡ് ഓഫീസ് ഓപ്പറേഷൻ, ഹൗസ് കീപ്പിങ് തുടങ്ങിയ ഓപ്പറേഷണൽ മേഖലകളിലെ അറിവും നൈപുണികളും വളർത്താനാവശ്യമായ ലബോറട്ടറി പരിശീലനം, ഹോട്ടൽ അക്കൗണ്ടൻസി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി, ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാൻഷ്യൽ മാനേജ്മെൻറ്, സ്ട്രാറ്റജിക് മാനേജ്മെൻറ്, ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെൻറ് തുടങ്ങിയ മാനേജീരിയൽ മേഖലകളുടെ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.


സ്ഥാപനങ്ങൾ/സീറ്റുകൾ


കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ 78 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാമുള്ളത്. മൊത്തം 11,995 സീറ്റുകൾ. കേരളത്തിൽ ഇതുവഴി പ്രവേശനം നൽകുന്ന ഗവൺമെൻറ് സ്ഥാപനങ്ങൾ: (i) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി, കോവളം, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം) (ii) സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴിക്കോട് (സംസ്ഥാന സർക്കാർ സ്ഥാപനം).


2023 കൗൺസലിങ്ങിൽ തിരുവനന്തപുരത്ത് 122 ഓപ്പൺ സീറ്റുകൾ ഉൾപ്പെടെ മൊത്തം 314 സീറ്റുകളും കോഴിക്കോട് 95 ഓപ്പൺ സീറ്റുകൾ ഉൾപ്പെടെ 127 സീറ്റുകളും ആദ്യ റൗണ്ട് അലോട്മെൻറിൽ ഉണ്ടായിരുന്നു. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലും [മൂന്നാർ കാറ്ററിങ് കോളേജ്-120 സീറ്റ്, ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ് (വയനാട്- 120 സീറ്റ്)] പ്രോഗ്രാം ഉണ്ട്.


യോഗ്യത


ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ച് അതിൽ ജയിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധി ഇല്ല.


പരീക്ഷാഘടന


മേയ് 11-ന് രാവിലെ ഒൻപതുമുതൽ 12 വരെ, 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്‌ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ വിഷയങ്ങളിൽനിന്നുമാകും ചോദ്യങ്ങൾ. ശരിയുത്തരം നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം നഷ്ടമാകും. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.


അപേക്ഷ


exams.nta.ac.in/NCHM/ വഴി (കാൻഡിഡേറ്റ് ആക്ടിവിറ്റി ലിങ്ക്) മാർച്ച് 31-ന് വൈകീട്ട് അഞ്ചുവരെ നൽകാം. ഫലപ്രഖ്യാപനത്തിനുശേഷം എൻ.ടി.എ., സ്കോർ പ്രവേശന കൗൺസലിങ്ങിനായി എൻ.സി.എച്ച്.എം.സി.ടി.ക്ക്‌ കൈമാറും.


തൊഴിൽസാധ്യത


ഹോട്ടൽ, അനുബന്ധ ഹോസ്പിറ്റാലിറ്റി മേഖലകൾ, ഫുഡ് ചെയിൻ, കിച്ചൻ/ഹൗസ് കീപ്പിങ്, ഫ്ലൈറ്റ് കിച്ചൻ, ഓൺബോർഡ് ഫ്ലൈറ്റ് സർവീസസ്, ഗസ്റ്റ്/കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ്, ഹോസ്പിറ്റൽ/ഇൻസ്റ്റിറ്റ്യൂഷണൽ കാറ്ററിങ്, മാർക്കറ്റിങ്/സെയിൽസ് എക്സിക്യുട്ടീവ്, റെയിൽവേ ഹോസ്പിറ്റാലിറ്റി/കാറ്ററിങ് സർവീസ്, സ്റ്റേറ്റ്/കേന്ദ്ര ടൂറിസം വികസന കോർപ്പറേഷൻ, ഷിപ്പിങ്/ക്രൂസ് ലൈൻസ്, റിസോർട്ടുകൾ, ഹോട്ടൽ മാനേജ്മെന്റ്‌/ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഓൺട്രപ്രനേർഷിപ്പ് എന്നിവ തൊഴിൽസാധ്യതാമേഖലകളിൽ ഉൾപ്പെടുന്നു.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students