Psychology Myths & Facts

 *സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല* എന്ന്‌ പറയാതിരിക്കാൻ പ്ലസ്‌ടു കഴിഞ്ഞു സൈക്കോളജിയിലേക്ക് വണ്ടി കയറുന്നവർ അറിയാൻ...


ആദ്യമേ പറയട്ടെ , ഇത് നിങ്ങളുടെ ആവേശം തളർത്താനല്ല , മറിച്ചു ഇപ്പൊ ഉള്ള ആവേശം ഡിഗ്രിയും പിജിയും പഠിക്കുമ്പോഴും തളരാതിരിക്കാൻ വേണ്ടിയാണ്.


ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്നു പറഞ്ഞ SSLC യും , രണ്ടാമത്തെ വഴിതിരിവെന്നു പറഞ്ഞ പ്ലസ് ടു  പരീക്ഷയും കഴിഞ്ഞ് അടുത്ത വഴി തിരിയാൻ വേണ്ടി ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട ഓപ്‌ഷൻ ആയി സൈക്കോളജി മാറി വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കരിയർ ചോയ്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും.


വളരെ നല്ലതും പ്രശംസനീയവുമാണ് കുട്ടികളുടെ ഈ മനോഭാവം.


മറ്റേതൊരു വിഷയത്തേക്കാളും ഒരുപക്ഷേ മറ്റുള്ളവരുടെ നന്മയ്ക്കും , സന്തോഷത്തിനും കാരണമാകുന്ന ഒരു പ്രൊഫെഷനും, ആത്മ സംതൃപ്തിയിലൂടെ ജോലി ചെയ്യാനും സാധിക്കുന്ന ഒരു തൊഴിൽ- സേവന മേഖല എന്ന നിലയിൽ സൈക്കോളജിയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.


സൈക്കോളജി തിരഞ്ഞെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാകും എന്ന്‌ തോന്നുന്നു, ഭാവിയിൽ നിരാശ ഇല്ലാതിരിക്കാൻ വേണ്ടി മാത്രം.


പ്രേതം സിനിമയിലെ ജയസൂര്യ ചെയ്ത ഡോൺ ബോസ്‌കോ എന്ന കഥാപാത്രം കണ്ടിട്ടോ , മെന്റലിസ്റ്റ് ആദിയുടെയോ മറ്റാരുടെയോ പ്രോഗ്രാം കണ്ടിട്ടോ , ജോസഫ് അന്നംകുട്ടിചായന്റെ പോലുളള കട്ട മോട്ടിവേഷൻ ക്‌ളാസ് കേട്ടിട്ടോ, യൂട്യൂബിലെ ഏതേലും മുഖം നോക്കി മനസ്സ് വായിക്കാം , കണ്ണിൽ നോക്കി കളവ് പറയുന്നത് കണ്ട് പിടിക്കാം, അതുമല്ലെങ്കിൽ ഹിപ്നോട്ടിസത്തിലൂടെ  അബോധ മനസ്സിന്റെ അപാരമായ ശക്തി തിരിച്ചറിയാം, പാരാ സൈക്കോളജിയിലൂടെ ആളുകളുടെ ചിന്ത നിയന്ത്രിക്കാം , പ്രവചിക്കാം , ഓജോ ബോർഡ് വച്ച് ഗുഡ് സ്പിരിറ്റിനെ കൊണ്ട് വരാം , എല്ലാത്തിലുമുപരി ബാക്കിയുള്ളോരെ മനസ്സിലുള്ളത് വായിക്കാം എന്നൊക്കെ വിചാരിച്ചു സൈക്കോളജി പഠിക്കാൻ ആവേശം ബാക് പാക്കിലാക്കി  ഇറങ്ങുന്നവർ അറിയുക......  സാധാരണ നിലയിൽ മൂന്ന് വർഷത്തെ ഡിഗ്രിയിലും , രണ്ട് വർഷത്തെ പിജിയിലും , അത് കഴിഞ്ഞുള്ള എം.ഫില്ലിലും ഒന്നും മേൽപറഞ്ഞ അത്ഭുതങ്ങളോ, അമാനുഷിക മെന്ന് വിളിക്കപ്പെടുന്ന കാര്യങ്ങളോ അല്ല പഠിപ്പിക്കുന്നതും പഠിക്കേണ്ടതും.


അതേപോലെ നിങ്ങൾ സൈക്കോളജിക്ക്‌ ചേർന്നു എന്നു മറ്റുള്ളവർ അറിഞ്ഞാൽ  മിക്കവാറും "എന്റെ മനസ്സിലുള്ളത് പറയാമോ , എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു , ഇനിയിപ്പോ നിന്റെ മുൻപിലൊന്നും നീക്കാൻ പറ്റില്ലല്ലോ, എന്നെ ഹിപ്നോട്ടിസം ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കുമോ " എന്നൊക്കെ പല രീതിയിലുള്ള കമന്റുകളും കേൾക്കേണ്ടി വരും . ആദ്യമാദ്യം ഉൾപുളകിത രോമഞ്ച കുഞ്ചിതരാകും ചിലപ്പോ ഇത് കേൾക്കുമ്പോ, പിന്നീട് മിക്കവാറും ഈ പറച്ചിലുകൾ അസഹനീയവും മഹാ ചടപ്പിക്കലും ആയേക്കും .

കണക്കും ബയോളജിയും ഇഷ്ടമില്ലാത്തത് കൊണ്ട് ആണ് സൈക്കോളജി എടുക്കാം എന്ന്‌ വിചാരിക്കുന്നതെങ്കിൽ ശരിക്കും കണക്ക് അല്ലെങ്കിലും പഠിക്കുമ്പോൾ കണക്കെന്നു തോന്നിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്സും , ബയോളജിയുടെ തലമുറക്കാരിൽ പ്രധാനിയായ ഫിസിയോളജിയും പഠിക്കാനുണ്ട് ആദ്യത്തെ നാല് സെമസ്റ്ററുകളിലും.


അതേ പോലെ ആദ്യത്തെ 2 വർഷവും , അത്യാവശ്യം ഇംഗ്ളീഷും , മറ്റൊരു ഭാഷയും കൂടെ പേപ്പർ ആയി പഠിക്കാനുണ്ടാകും.

ഇനി സൈക്കോളജി ആറ് സെമസ്റ്ററുകളിലും പഠിക്കാൻ ഉണ്ടാകും , മെമ്മറി , ലേർണിങ് , പേഴ്സണലിറ്റി , ഇന്റലിജൻസ് , മോട്ടിവേഷൻ , ഇമോഷൻ തുടങ്ങിയ വിഷയങ്ങൾ ആദ്യ വർഷത്തിലും പിന്നീട് സോഷ്യൽ സൈക്കോളജി , ഡെവലപ്മെന്റൽ സൈക്കോളജി , അബ്നോർമൽ സൈക്കോളജി , ലാബ് വർക്കുകൾ തുടങ്ങിയവയൊക്കെയാണ് രണ്ടും മൂന്നും വർഷത്തിൽ പഠിക്കാൻ ഉണ്ടാകുക.


മറ്റ് ഡിഗ്രി വിഷയങ്ങളെ പോലെ കേവലം ഒരു വിഷയം എന്ന രീതിയിൽ സൈക്കോളജിയെ കാണുകയോ , പരീക്ഷയുടെ തലേന്ന് ആരോ ഉണ്ടാക്കിയ നോട്സ് വച്ച് പഠിച്ചു പരീക്ഷക്ക് പോയി , പരീക്ഷാ ഹാളിൽ വച്ച് സ്വന്തമായി പുതിയ തിയറികൾ കൂടെ ഉണ്ടാക്കി അഡീഷണൽ പേപ്പറും വാങ്ങി പരീക്ഷ പാസായത് കൊണ്ടോ , ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചു തരുന്നത് വച്ചു മാത്രം പഠിച്ചാലോ , ഇതൊക്കെ നിങ്ങൾ പിജിക്കും എം.ഫിലിനും പഠിച്ചോളും എന്ന ഏതേലും ടീച്ചറുടെ വാക്കുകൾ കേട്ടോ , അല്ലേൽ ഏതേലും കുട്ടി അര മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയ സെമിനാർ അവതരിപ്പിച്ചത് മാത്രം വച്ചിട്ടോ ആണ് നമ്മൾ സൈക്കോളജി എന്ന വിഷയത്തെ വിലയിരുത്താൻ പോകുന്നത് എങ്കിൽ ലൂസിഫർ സിനിമയിൽ 

"സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല " എന്ന  ഷാജോണിന്റെ ഡയലോഗ് അടിക്കേണ്ടി വരും അല്പം കഴിഞ്ഞാൽ.


അതുപോലെ ഏതെങ്കിലും ടീച്ചറോടുള്ള ഇഷ്ടം കാരണം സൈക്കോളജിയോട് താല്പര്യം ഉണ്ടാക്കിയാൽ ചിലപ്പോൾ ( ചിലപ്പോൾ ആകട്ടെ )  മൊത്തം സെമസ്റ്ററിന്റെ എണ്ണതിനേക്കാൾ കൂടുതൽ ടീച്ചർമാർക്ക് വേണ്ടി ഫെയർവൽ പാർട്ടികൾ നടത്താൻ സൈക്കോളജി കുട്ടികൾക്ക് ഭാഗ്യം ലഭിക്കാറുണ്ട് , അതിനാൽ സബ്ജക്ടിനെ ഇഷ്ടപ്പെടുക എന്നതാണ് സ്ഥിര പരിഹാരം.


പല ചാപ്റ്ററുകളും , തിയറികളും പഠിക്കുമ്പോൾ ഇതൊക്കെ എന്തിനാ പഠിക്കുന്നത് , ഇതൊക്കെ എവിടെ ഉപയോഗിക്കാനാണ് എന്ന് ചിന്തിച്ചു പോയാൽ അതിശയമില്ല , പക്ഷെ ഒരു കാര്യം ഗ്യാരണ്ടിയാണ് നിങ്ങൾ പഠിക്കുന്ന ഒരു അറിവ് പോലും വെറുതെ ആകില്ല. 

പഠിക്കുന്നതിന്റെ കൂടെ തിയറികളുടെയും അറിവിന്റെയും പ്രായോഗിക തലത്തിൽ കൂടെ ചിന്തിക്കാനും , പരമാവധി അവസരങ്ങൾ കിട്ടുന്നത് ഉപയോഗിക്കുകയും ചെയ്താൽ സൈക്കോളജി എന്ന വിഷയം പഠിച്ചത് കൊണ്ട് ജീവിതത്തിൽ ഒരുപാട് ഉപകാരം ഉണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട . അല്ലാതെ കേവലം ഒരു ഡിഗ്രി എന്ന നിലയിൽ , പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി , തട്ടിക്കൂട്ടി മുന്നോട്ട് പോയാൽ നിങ്ങൾ റാങ്ക് ഹോൾഡർ ആണെങ്കിൽ പോലും ഭാവിയിൽ ചിലപ്പോൾ stuck ആയിപ്പോയേക്കും.


ആരുടെയും മനസ്സിലുള്ളത് അവരെ നോക്കി കണ്ടു പിടിക്കാൻ പഠിക്കുന്ന വിഷയമല്ല സൈക്കോളജി , 

മറിച്ച് നമ്മളെയും മറ്റുള്ളവരെയും പൂർണ്ണമായും മനസ്സിലാക്കാനും , ഉൾക്കൊള്ളാനും, 

എന്ത് കൊണ്ട് ഞാൻ ഇങ്ങനെ, അവർ അങ്ങനെ എന്ന് അറിയാനും , 

എന്നെ മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല എന്ന സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള നിരാശയുടെ കാരണത്തെ വേരോടെ പിഴുതെറിയാനും 

"എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ സാധിക്കും " എന്ന് ആത്മാർത്ഥമായി പറയാനും ,

 മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പിടിവള്ളിയാകാനും ,

 ജീവിതത്തിലേക്കും സന്തോഷത്തിലേക്കും കൈപിടിച്ചു കയറ്റാനും സാധിക്കുന്ന ,

 മനസ്സിനെയും ചിന്തകളെയും പെരുമാറ്റത്തെയും അതിന്റെ വ്യത്യസ്ത കൈവഴികളെയും കുറിച്ചുള്ള പഠനമാണ് സൈക്കോളജി എന്ന തിരിച്ചറിവോടെ , ഞാൻ അതിന് തയ്യാറാണ് എന്ന ഉത്തമ ബോധ്യത്തോടെ മാത്രം  നിങ്ങൾ സൈക്കോളജിയുടെ പടികൾ കയറുക .

ഒരു പുതിയ ലോകത്തേക്ക് സ്വാഗതം .


കടപ്പാട്: സയ്യിദ് ഷഹീർ എന്ന            സൈക്കോളജിസ്റ്റിന്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students