MBA Entrance Exams After Degree

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് പഠന പ്രവേശനത്തിന് നിരവധി അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനനുസരിച്ചാണ് അഭിമുഖീകരിക്കേണ്ട പ്രവേശന പരീക്ഷ ഏതാണെന്ന് തീരുമാനിക്കേണ്ടത്. 

അതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, അവര്‍ സ്വീകരിക്കുന്ന പ്രവേശന പരീക്ഷ ഏതെന്ന് ഉറപ്പ് വരുത്തണം.

 മാനേജ്‌മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തി ചേരുന്നത്.

 വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.  വിശദ വിവരങ്ങൾക്ക് വെബ് സൈറ്റുകൾ പരിശോധിക്കേണ്ടതാണ്.


*കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)*


 മാനേജ്‌മെന്റ് പഠന മേഖലയില്‍ രാജ്യത്തെ അഭിമാനാര്‍ഹമായ സ്ഥാപനങ്ങളായ ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) കളിലേക്കും വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുമുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയാണിത്. 'കാറ്റ്' സ്‌കോറിനൊടൊപ്പം സ്ഥാപനങ്ങള്‍ നടത്തുന്ന എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയിലെ പ്രകടനം കൂടെ പരിഗണിച്ചായിരിക്കും പ്രവേശനം. വെബ്‌സൈറ്റ്:     www.iimcat.ac.in


*കോമണ്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT)*


എ.ഐ.സി.ടി.ഇ അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ/ പി.ജി, ഡി.എം കോഴ്‌സുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷ.

വെബ്‌സൈറ്റ്: cmat.nta.nic.in



*മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  (MAT)*


വിവിധ സ്വകാര്യ/ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ, അനുബന്ധ മാനേജ്‌മെന്റ് കോഴ്‌സുകളുടെ പ്രവേശനത്തിന്  ആള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന അഭിരുചി പരീക്ഷ.

വെബ്‌സൈറ്റ്: mat.aima.in


*കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT)*


കേരളത്തിലെ വിവിധ  മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് 'കെമാറ്റ്'. കേരള  എന്‍ട്രന്‍സ് കമ്മീഷണറാണ് പരീക്ഷ നടത്തുന്നത്.

വെബ്‌സൈറ്റ്: www.cee.kerala.gov.in. 


*സേവിയര്‍ അഡ്മിഷന്‍ ടെസ്റ്റ് (XAT)*


 ജംഷഡ്പൂരിലെ XLRI (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്) നടത്തുന്ന മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യ തലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്‌കോര്‍ രാജ്യത്തെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്:       xatonline.in


*ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT)*


രാജ്യാന്തര തലത്തില്‍ മാനേജ്‌മെന്റ് പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് 'ജിമാറ്റ് ' . അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളും  പ്രവേശനത്തിനായി  ജിമാറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: www.mba.com


*ഓപണ്‍ മാറ്റ് (OPEN MAT)*


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയിലെ എം.ബി.എക്കും അനുബന്ധ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കുമുള്ള പ്രവേശന പരീക്ഷ .നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി  (NTA) ആണ് പരീക്ഷ നടത്തുന്നത്.

വെബ് സൈറ്റ്: www.ignou.ac.in


*അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍സ് (AIMS) ടെസ്റ്റ് ഫോർ മാനേജ്മെൻ്റ് അഡ്മിഷൻസ് (ATMA)*


 മാനേജ്‌മെന്റ് കോഴ്‌സുകളടക്കം വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍സ് (AIMS) രാജ്യാന്തര തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രവേശനത്തിനായി 'ആത്മ' സ്‌കോര്‍ പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: www.atmaaims.com.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (IIFT) യുടെ വിവിധ കാമ്പസുകളിലുള്ള എം.ബി.എ (ഇന്റര്‍ നാഷണല്‍ ബിസിനസ്സ് ) കോഴ്‌സിനുള്ള പ്രവേശന പരീക്ഷ (iift.nta.nic.in), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിധ മാനേജ്‌മെന്റ് കോഴ്‌സുകളുടെ പ്രവേശന പരീക്ഷയായ SNAP(www.snaptest.org), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദിലെ പ്രവേശനത്തിനുള്ള IRMASAT (www.irma.ac.in) ,പ്രൈവറ്റ് മേഖലയിലെ പ്രശസ്തമായ വിവിധ ബിസിനസ് സ്കൂളുകൾ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് അഡ്മിഷൻ കൗൺസിൽ (GMAC) നടത്തുന്ന NMAT (www.gmac.com) തുടങ്ങിയ നിരവധി പ്രവേശന പരീക്ഷകളും നിലവിലുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students