SSLC ക്ക് ശേഷം ...

 പത്താം ക്ലാസിനു ശേഷം ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ മൂന്ന് വര്‍ഷമോ പഠിച്ച് വിവിധ തൊഴില്‍ മേഖലകളിലെത്തിച്ചേരാന്‍ സഹായിക്കുന്ന നിരവധി കോഴ്‌സുകള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുണ്ട്. 

കുട്ടികളുടെ അഭിരുചി, താല്‍പര്യം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ഏറ്റവും യോജിച്ച കോഴ്‌സ് തെരഞ്ഞെടുക്കാവുന്നതാണ്. പ്രധാനപ്പെട്ട ചില കോഴ്‌സുകളെ പരിചയപ്പെടാം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.


*പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകള്‍*


വളരെയധികം ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. പത്താം ക്ലാസ് മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്‌നിക്കുകള്‍ക്ക് പുറമെ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന് (ഐ.എച്ച്.ആര്‍.ഡി) കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളുമുണ്ട്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ കോഴ്‌സുകള്‍ക്ക് പുറമെ കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഡിപ്ലോമ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്.

വെബ്‌സൈറ്റ്: www.polyadmission.org

www.ihrd.ac.in


*ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)  കോഴ്‌സുകള്‍.*


കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഏകവത്സര/ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐ കളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council of Vocational Training)യുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്.

 എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോണ്‍ എഞ്ചിനീയറിങ് സ്‌ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രേയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഐ.ടി.ഐ പഠനം പൂർത്തിയാക്കിയവർക്ക് പോളിടെക്നിക്കുക ളിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വർഷം നേരിട്ട് ചേരാൻ അവസരമുണ്ട് .


വെബ്‌സൈറ്റ്: www.dtekerala.gov.in


*നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (NTTF)  കോഴ്‌സുകള്‍*


NTTF  ന്റെ വിവിധ സെന്ററുകള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ഡിപ്ലോമ കോഴ്‌സുകള്‍ക്കും യോഗ്യത എസ്.എസ്.എല്‍.സിയാണ്. കേരളത്തില്‍ തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ സെന്ററുകള്‍ ഉണ്ട്.

വെബ്‌സൈറ്റ്: www.nttftrg.com


*ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍*


കേരളത്തില്‍ പതിമൂന്ന് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹോട്ടല്‍ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. ഒമ്പത് മാസത്തെ പഠനവും മൂന്ന് മാസത്തെ ഹോട്ടല്‍ വ്യവസായ പരിശീലനവുമടക്കം പന്ത്രണ്ട് മാസമാണ് കോഴ്‌സ്.

വെബ്‌സൈറ്റ്: www.fcikerala.org


*ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി)*


സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്‌സ്. വെബ്‌സൈറ്റ്: scu.kerala.gov.in


*ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്*


ടൈപ്പ്‌റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയൽ പ്രാക്ടീസ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.

വെബ്‌സൈറ്റ്: www.dtekerala.gov.in


*പ്ലാസ്റ്റിക് ടെക്‌നോളജി കോഴ്‌സുകള്‍*


പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട് .

വെബ്‌സൈറ്റ്: www.cipet.gov.in


*ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സുകള്‍*


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (IIHT) യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളില്‍ ഹാന്റ് ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


*സിഫ്‌നെറ്റിലെ ക്രാഫ്റ്റ് കോഴ്‌സുകള്‍*


മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training)  ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്‌സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്.

വെബ്‌സൈറ്റ്: cifnet.gov.in


*ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്*


തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്‌സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

വെബ്‌സൈറ്റ്: statelibrary.kerala.gov.in


*ഇഗ്നോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍*


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എനര്‍ജി ടെക്‌നോളജി ആൻ്റ് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫസ്റ്റ് എയ്ഡ്, പെര്‍ഫോര്‍മിങ് ആര്‍ട്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ കോഴ്‌സുകളുണ്ട്.

വെബ്‌സൈറ്റ്: www.ignou.ac.in


*ഫൂട്ട് വെയര്‍ ഡിസൈനിംഗ് കോഴ്‌സുകള്‍*


സെന്‍ട്രല്‍ ഫൂട്‌വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.

വെബ്‌സൈറ്റ്:    cftichennai.in


*ചെയിന്‍ സര്‍വെ കോഴ്‌സ്*


ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്‌സ് വിവിധ സര്‍ക്കാര്‍/ സ്വകാര്യ ചെയിൻ സർവ്വേ സ്‌കൂളുകളില്‍ ലഭ്യമാണ്.

വെബ്‌സൈറ്റ്: dslr.kerala.gov.in


*ഹോമിയോപ്പതിക് ഫാര്‍മസി*


തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO) . അൻപത് ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത.

വെബ്‌സൈറ്റ്: lbscentre.in



*ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍*


വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷകാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്‌സിങ് കോഴ്‌സുകളുണ്ട്.

വെബ്‌സൈറ്റ്: www.ayurveda.kerala.gov.in


*വസ്ത്ര മേഖലയിലെ കോഴ്‌സുകള്‍*


അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ (ATDC) വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠന കേന്ദ്രങ്ങള്‍.

വെബ്‌സൈറ്റ്: atdcindia.co.in


കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.

വെബ്‌സൈറ്റ്: dtekerala.gov.in

www.sittrkerala.ac.in


*അഫ്‌ളലുല്‍ ഉലമ കോഴ്‌സുകൾ*


കേരളത്തിലെ വിവിധ അറബിക് കോളേജുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്‌ളലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകളുണ്ട്. ഈ കോഴ്‌സ് പ്ലസ്ടു ഹ്യുമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.


*കേരള കലാമണ്ഡലം ഹയര്‍സെക്കണ്ടറി കോഴ്‌സ്*


ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാ വിഷയം പ്രധാന വിഷയമായി ഹയര്‍സെക്കണ്ടറി പഠനം നടത്താം. പതിനാലോളം കലാ വിഷയങ്ങളുണ്ട്. പഠനത്തിന് സ്റ്റൈപ്പന്റും ലഭ്യമാണ്. www.kalamandalam.org



കെ.ജി.സി.ഇ (കേരള ഗവെൺമെൻ്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) ,കെ.ജി.ടി.ഇ (കേരള ഗവെൺമെൻ്റ് ടെക്നിക്കൽ എക്സാമിനേഷൻ) എന്നിവ നടത്തുന്ന വിവിധ കോഴ്സുകളും ജോലി സാധ്യതയുള്ളവയാണ് (www.dtekerala.gov.in).

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www. captkerala.com) , എല്‍.ബി.എസ് (lbscentre.in), കെല്‍ട്രോണ്‍ (ksg.keltron.in) റൂട്രോണിക്‌സ് (keralastaterutronix.com), അസാപ്പ് (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in),സിഡിറ്റ് (tet.cdit.org) , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (www.iiic.ac.in) , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in) ,സ്റ്റെഡ് കൗൺസിൽ (stedcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി വിവിധ മേഖലകളില്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. 

സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്‍മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്ര രചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്‌സുണ്ട്.(Vasthuvidyagurukulam.com). കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students