CUET പരീക്ഷയിൽ എങ്ങനെ വിഷയങ്ങൾ തിരഞ്ഞെടുക്കാം?

 കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ. ടി.) യു.ജി. വെബ്സൈറ്റിൽ പരീക്ഷയുടെ പരിധിയിൽ ഉൾപ്പെടുന്ന കേന്ദ്ര സർവകലാശാലകളും മറ്റു സർവകലാശാലകളും ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ഓരോ സർവകലാശാലയിലുമുള്ള പ്രോഗ്രാമുകൾ, സീറ്റ് ലഭ്യത, പ്രായവ്യവസ്ഥ ഉണ്ടെങ്കിൽ അത്, യോഗ്യതാപരീക്ഷയുടെ വിശദാംശങ്ങൾ, യോഗ്യതാപരീക്ഷയിൽ വാങ്ങിയിരിക്കേണ്ട കുറഞ്ഞ മാർക്ക്, മാർക്കിളവ്, സംവരണം, പ്രവേശന രീതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ, അതത് സർവകലാശാലയുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ ആയിരിക്കും നൽകിയിട്ടുള്ളത്.


ഓരോ പ്രോഗ്രാമിലെ പ്രവേശനത്തിന് യോഗ്യതാ കോഴ്സിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, അതിലെ പ്രവേശനത്തിന് സി.യു.ഇ.ടി. യു.ജി.യിൽ അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ എന്നിവ അതത് സർവകലാശാലയുടെ പ്രോസ്പെക്ടസിൽനിന്നു മനസ്സിലാക്കിവേണം സി.യു.ഇ.ടി. അപേക്ഷ നൽകേണ്ടത്.


ഉദാ: യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എ. (14 സീറ്റ്) ഇക്കണോമിക്സ് പ്രവേശനം തേടുന്നവർ പ്ലസ് ടു പരീക്ഷ 60 ശതമാനം മാർക്കോടെ ജയിക്കണം. സി.യു.ഇ.ടി.യിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ജനറൽ ടെസ്റ്റ് എന്നിവയാണ് ഇവർ അഭിമുഖീകരിക്കേണ്ടത്. എന്നാൽ, അവിടെയുള്ള അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.എസ്‌സി. മാത്തമാറ്റിക്കൽ സയൻസസ് പ്രവേശനത്തിന് സയൻസ് വിഷയങ്ങളെടുത്ത് 60 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. കൂടാതെ, മാത്തമാറ്റിക്സ് പ്ലസ്ടു തലത്തിൽ വിഷയമായി പഠിച്ചിരിക്കണം. സി.യു.ഇ.ടി.യിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ ടെസ്റ്റാണ് അഭിമുഖീകരിക്കേണ്ടത്. ഈ വിവരങ്ങളൊക്കെ acad.uohyd.ac.in -ൽ നൽകിയിട്ടുണ്ട്.


ന്യൂഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ ബി.എ. (ഓണേഴ്സ്) ഫ്രഞ്ച് പഠിക്കാനാഗ്രഹിക്കുന്നവർ, സി.യു.ഇ.ടി.യിൽ സെക്‌ഷൻ I എ.യിലെ ഇംഗ്ലീഷ് ടെസ്റ്റും സെക്ഷൻ III-ലെ ജനറൽ ടെസ്റ്റുമാണ് അഭിമുഖീകരിക്കേണ്ടത്. 45 ശതമാനം മാർക്കോടെ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് (10+2) പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ വിവരം www.jnu.ac.in -ലെ അണ്ടർ ഗ്രാജ്വേറ്റ് ഇ-പ്രോസ്പെക്ടസിൽ ലഭിക്കും.


ഡൽഹി സർവകലാശാലാ പ്രവേശനത്തിൽ സി.യു.ഇ.ടി. സെക്‌ഷൻ l എ, സെക്‌ഷൻ l ബി എന്നിവയിലെ ഭാഷകളെ ലിസ്റ്റ് എ എന്നും സെക്‌ഷൻ II-ലെ 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളെ ലിസ്റ്റ് ബി 1, ലിസ്റ്റ് ബി 2 എന്നും തരംതിരിച്ചശേഷമാണ് ഓരോ വിഷയത്തിലെയും പ്രവേശനത്തിന് അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ നൽകിയിട്ടുള്ളത്. ബി.എ. (ഓണേഴ്സ്) ഇംഗ്ലീഷ് പ്രവേശനം തേടുന്നവർ ലിസ്റ്റ് എ.യിൽനിന്ന്‌ ഇംഗ്ലീഷും ലിസ്റ്റ് ബി 1 -ൽനിന്ന്‌ ഏതെങ്കിലും രണ്ടുവിഷയങ്ങളും ലിസ്റ്റ് ബി 1-ൽനിന്നോ ലിസ്റ്റ് ബി 2-ൽനിന്നോ ഏതെങ്കിലും ഒരു വിഷയവും തിരഞ്ഞെടുത്ത് സി.യു.ഇ.ടി. അഭിമുഖീകരിക്കണം. വിവരങ്ങൾക്ക്: admission.uod.ac.in


ഇപ്രകാരം, ചേരാനുദ്ദേശിക്കുന്ന സർവകലാശാലകൾ/കോഴ്സുകൾ പരിഗണിച്ചുകൊണ്ട് സി.യു.ഇ.ടി.യിൽ അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ (പരമാവധി ഒൻപത് എണ്ണം) കണ്ടെത്താം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students