BDS

 *ബി.ഡി.എസിന് ഒരുങ്ങുമ്പോൾ*


നീറ്റ് പരീക്ഷാഫലം പുറത്തുവന്നു.

 ആശങ്കയോടെയുള്ള കാത്തിരിപ്പിനറുതിയായി. ഇനിയൊരു സുപ്രധാന തീരുമാനമെടുക്കേണ്ടതുണ്ട്. MBBS ലേക്കെത്തുന്നില്ലെങ്കിൽ BDS ആണ് പലരുടെയും ആശ്രയം. 

അപ്പോൾ ബി.ഡി.എസ് എന്താണെന്നും അതിന്റെ സാധ്യതകൾ എന്തൊക്കെയാണെന്നും നാം അറിഞ്ഞിരിക്കണം.


▶️ബി.ഡി.എസ് 


ബി.ഡി.എസ് പഠിക്കാന്‍ ഒരു ഡെന്റല്‍ കോളജ് തെരഞ്ഞെടുക്കണം. നാലരവര്‍ഷം കോഴ്സും ഒരു വര്‍ഷത്തെ ഇന്‍റേര്‍ണര്‍ഷിപ്പുമാണ് കേരളത്തിലെ രീതി. ഇന്ത്യയില്‍ വേറെ എവിടെയുമില്ലാത്ത സംവിധാനമാണിത്. ആറ് മാസം കൂടുതല്‍ പഠിക്കണം. ഇവിടെ എം.ബി.ബി.എസുകാർക്ക് കിട്ടുന്ന ജോലി ലഭിക്കാന്‍ വേണ്ടി, ഏതോ കാലത്ത് ഉണ്ടാക്കിയ പഴഞ്ചൻ നിയമമാണിത്. ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടില്‍ തന്നെ പഠിക്കാന്‍ കിട്ടുന്ന അവസരം ആരും വേണ്ടെന്ന് വെക്കില്ലല്ലോ. ബി.ഡി.എസിന് പഠിക്കുന്നത് 85% പെണ്‍ കുട്ടികളാണെന്ന് വരുമ്പോള്‍ വിശേഷിച്ചും.


🔺കോളജുകൾ


തിരുവനന്തപുരത്ത് 1959 ലാണ് കേരളത്തിലെ ആദ്യത്തെ ഡെന്റല്‍ കോളജ് സ്ഥാപിതമാവുന്നത്. 2015 ല്‍ തൃശൂരില്‍ നിലവില്‍ വന്ന ഗവ. കോളജാണ് അവസാനത്തെത്ത്. ഡെന്റല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റ് പ്രകാരം കേരളത്തിലുള്ളത് 26 ഡെന്റല്‍ കോളജുകളാണ്. (dciindia.gov.in)


 മാഹിയിലെ ഡെന്റല്‍ കോളജ് സാങ്കേതികമായി പുതുച്ചേരിയിലാണെങ്കിലും കേരളത്തിന് അകത്താണല്ലോ. ഇവിടങ്ങളിൽ അഡ്മിഷന് താൽപര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. പല കാര്യങ്ങളും പൊതുവെ കോളേജ് പ്രവേശനത്തിനുപയോഗിക്കാവുന്ന നിര്‍ദ്ദേശങ്ങളുമാണ്.


🔺കോളജുകളുടെ റാങ്കിങ്


വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റാങ്ക് ലിസ്റ്റില്‍ നിന്ന് നമുക്ക് തുടങ്ങാം. 

National Institutional Ranking Framework(www.nirfindia.org) ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യാറുണ്ട്. അമ്പതെങ്കിലും സ്കോര്‍ കിട്ടിയ 40ഡെന്റൽ കോളജുകളാണ് അതിൽ ഉണ്ടാവുക.

 ഇവയിൽ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. രജിസ്റ്ററെങ്കിലും ചെയ്യാന്‍ താൽപര്യം കാണിച്ച അഞ്ച് കോളജുകളാണ് കേരളത്തിലുള്ളത്. സർക്കാർ കോളജുകളും 21കോളജുകളുമടക്കം ലിസ്റ്റിലില്ലെന്ന് ചുരുക്കം.

 താരതമ്യേന നിലവാരമുള്ള കോളജുകൾ ആദ്യ റാങ്കുകളില്‍ വരുന്നു എന്നതിനാല്‍ ഒരു പരിധിവരെ നമുക്ക് ഈ റാങ്കിങ്ങില്‍ വിശ്വസിക്കാം. ആഗോളതലത്തില്‍ ഇന്ത്യാ രാജ്യത്തെ കോളജുകള്‍ ഒന്നു പോലുമില്ലെങ്കിലും അറിയാന്‍താൽപര്യമുള്ളവര്‍ക്ക്

(https://www.topuniversities.com/university-rankings/university-subject-rankings/2021/dentistry) എന്ന വെബ്സൈറ്റിൽ തെരയാവുന്നതുമാണ്.


▶️ശ്രദ്ധിക്കേണ്ടവ


ബി.ഡി.എസ് അഡ്മിഷന് വേണ്ടി കേരളത്തില്‍ സഹായകമായേക്കാവുന്ന ചില കാര്യങ്ങൾ പറയാം.

ഗൂഗിളൈസേഷന്‍ കാലത്ത് ഏതൊരു കാര്യത്തിനും നമ്മൾ വെബ്സൈറ്റുകളെയാണ് ആശ്രയിക്കുക. 

ദൂര ദേശങ്ങളിലുള്ള കോളജുകളാണെങ്കില്‍ അത്തരത്തിലൊരു തിരച്ചിലേ സാധ്യമാവൂ. എന്നാല്‍, ഈ കൊച്ചുകേരളത്തില്‍ നമ്മള്‍ ആറ് വര്‍ഷത്തോളം ജീവിക്കാന്‍ ഉദ്ദേശിക്കുന്ന കാമ്പസ് ഒരിക്കല്‍ പോലും കാണാതെ തെരെഞ്ഞെടുക്കുന്നത് ബുദ്ധിയാണോ?


🔺എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങള്‍


1. കേരളത്തില്‍ തന്നെ ബി.ഡി.എസ് ചെയ്യാന്‍ തീരുമാനിച്ചെങ്കില്‍ മേല്‍ പറഞ്ഞ 26 കോളജുകളില്‍നിന്ന് അഞ്ച് കോളജുകളെങ്കിലും തിരഞ്ഞെടുക്കുക. രണ്ടോ മൂന്നോ ദിവസങ്ങളെടുത്ത് വിശകലനം ചെയ്യുക. ആറ് വര്‍ഷം കഴിച്ചുകൂട്ടേണ്ട കാമ്പസ് മനസ്സില്‍ കാണുക. ആ അഞ്ച് കാമ്പസുകള്‍ സന്ദര്‍ശിക്കുക.

2. വിജയശതമാനവും റാങ്ക് പട്ടികയും കിട്ടാന്‍ ബുദ്ധിമുട്ടില്ല. 

എന്നാൽ, ക്ലാസ് മുറികളും ലൈബ്രറിയും ഒരു പ്രൊഫഷനല്‍ കോളജിന് ചേര്‍ന്നതാണോയെന്ന് കണ്ട് ഉറപ്പുവരുത്തുക.

3. ഹോസ്റ്റല്‍ മുറികള്‍ താമസയോഗ്യമാണോ? മെസ് സൗകര്യം നിങ്ങളുടെ ഫീസിന് ചേര്‍ന്നതാണോ? എന്നിവ അറിയുക.

4. ഫുട്ബാൾ, ക്രിക്കറ്റ്, ടേബിള്‍ ടെന്നീസ്, വോളിബാൾ തുടങ്ങിയ കളികളില്‍ താൽപര്യമുള്ളവരാണെങ്കില്‍ അതിനുള്ള സൗകര്യങ്ങൾ കോളജിലുണ്ടോ എന്ന് അറിയുക.

5. സംഗീതം, നൃത്തം തുടങ്ങിയ കലകള്‍ക്ക് കോളജ് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് അറിയുക. അവിടത്തെ നിലവിലെ വിദ്യാർഥികളോട് ചോദിച്ച് ഇക്കാര്യം മനസ്സിലാക്കാം.

6. അലംനൈ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ കോളജിനെക്കുറിച്ച് സുപ്രധാന കാര്യങ്ങള്‍ അറിയാനാകും. പഠിച്ചിറങ്ങിയ പരിചക്കാരുണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്തുക.

7. അധ്യാപകരില്‍ ആരെയെങ്കിലും കണ്ട് സംസാരിക്കാൻ കഴിയുമോ എന്നും നോക്കുക.

8. ചികിത്സക്കായി വരുന്നവരുടെ എണ്ണമറിയാന്‍ മിക്കവാറും കോളജുകളില്‍ ഉച്ചയ്ക്ക് മുമ്പ് ഔട്ട് പേഷ്യന്റ് കൗണ്ടർ വീക്ഷിച്ചാല്‍ മതിയാകും. 

കണക്കില്‍ അഞ്ഞൂറിലേറെ രോഗികള്‍ ഉണ്ടാവാം. യഥാര്‍ത്ഥത്തില്‍ അമ്പതില്‍ താഴെയേ കാണൂ. 

നേരിട്ട് കണ്ട് ബോധ്യപ്പെട്ടാല്‍ നന്ന്. നൂറിനടുത്ത് രോഗികളുണ്ടെങ്കില്‍ വിദ്യാർഥികളുടെ ചികിത്സാ പരിചയം മെച്ചപ്പെട്ടതാവാന്‍ വഴിയുണ്ട്.


🔺ഇക്കാര്യങ്ങൾ കൂടി


ഇനി പറയുന്ന രണ്ട് കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ നല്ലതാണ്. നമ്മുടെ നാട്ടില്‍ എത്രമാത്രം പ്രായോഗികമാണ് എന്ന് ചിന്തിക്കണം.


1. ബി.ഡി.എസ് ചെയ്യാന്‍ താൽപര്യമുള്ളവർക്ക് മുതിര്‍ന്ന അധ്യാപകരുടെ 2-3 ക്ലാസിൽ പങ്കെടുക്കാൻ സംവിധാനമുണ്ടാക്കുക. കോളജുകൾക്ക് മുൻ കൈയടുത്ത് ചെയ്യാവുന്ന കാര്യമാണിത്. വരും വർഷങ്ങളിൽ ചേരാൻ ആഗ്രഹമുള്ളവർക്കും ഇത് സഹായകരമാവും.


2. ഡെന്റല്‍ ക്ലിനിക്കുകളില്‍ രണ്ടോ മൂന്നോ ദിവസം ഷാഡോയിങ്ങ് ചെയ്യിക്കുക. 

വിവിധ കേസുകള്‍ ചെയ്യുന്നത് കാണാനുള്ള അവസരമാണിത്. കുറഞ്ഞ നാളുകള്‍ക്കകം കുട്ടിയുടെ അഭിരുചിയെക്കുറിച്ച് ഒരു ധാരണയുമാവും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students