കൊമേഴ്സ്സ്: അനുബന്ധ മേഖലകളും, ജോലി സാധ്യതകളും

കൊമേഴ്സ് മേഖലയിലെ സാധ്യതകൾ ഏതെല്ലാമാണെന്നും അവയിലേക്കുള്ള വഴികൾ എങ്ങനെ കണ്ടെത്താമെന്നുമുള്ള സംശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർത്ഥികളെ കാണാറുണ്ട്. 

കൊമേഴ്സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലി സാധ്യതകളും കരിയർ ഉയർച്ചക്കുള്ള അവസരങ്ങളും കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവർക്ക് ഒട്ടേറെ വിപുലമായ അവസരങ്ങൾ മുന്നിൽ കാണാവുന്നതാണ്.  

വ്യവസായ, വാണിജ്യ, സേവന മേഖലയിലെ ഏത് സംരംഭങ്ങളും  സ്ഥാപനങ്ങളും ഫലപ്രദമായി ചലിപ്പിക്കുന്നതിന്   സ്ഥാപനത്തിന്റെ സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം വളരെ അനിവാര്യമാണ്.  

കേവലമായി വരവ്  ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച  കാഴ്ചപ്പാടോട് കൂടി ക്രയ വിക്രയങ്ങളിൽ  ഇടപെടാനും   സാമ്പത്തിക മാനേജ്മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവർക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ  സാധിക്കും.

കൊമേഴ്സ് പഠിക്കാനുദ്ദേശിക്കുന്നവർക്ക് കേരളത്തിലെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള  നിരവധി കോളേജുകളിൽ ബിരുദ തലത്തിൽ പഠിക്കാൻ അവസരമുണ്ട്. 

സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് കോളേജുകളിൽ പ്രവേശനത്തിന്  യൂണിവേഴ്സിറ്റിയുടെ കേന്ദ്രീകൃത അലോട്മെന്റ് രീതിയിയിൽ പ്രവേശനം തേടാം.

 എന്നാൽ ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് കോളേജുകളിൽ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.    

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പാലക്കാട് വിക്ടോറിയ കോളേജിൽ നടത്തുന്ന ബികോം ഹോണേഴ്സ് പ്രോഗ്രാമിന്റെ പ്രവേശനം സർവകലാശാല  നടത്തുന്ന എൻട്രൻസ് വഴിയാണ്. പ്ലസ്ടുവിനു ഏത് സ്ട്രീമെടുത്തവർക്കും മിക്ക സ്ഥാപനങ്ങളിലും ബികോം പഠനത്തിനു പ്രവേശനം തേടാനാവും.

അഖിലേന്ത്യാ തലത്തിൽ നിരവധി സ്ഥാപങ്ങളിൽ ബിരുദതലത്തിൽ കൊമേഴ്സ് പഠനത്തിന്  അവസരങ്ങളുണ്ട്. ചില പ്രധാന സ്ഥാപനങ്ങൾ ഇവിടെ കൊടുക്കുന്നു 

1) ഡൽഹി സർവകകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ ബി.കോം ഹോണേഴ്സ്, ബി.കോം പ്രോഗ്രാമുകൾ  (പ്രവേശനം പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിൽ)-ബി.കോം ഹോണേഴ്സ് പ്രോഗ്രാമിന്റെ പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ ഗണിതം ഒരു വിഷയമായി പറ്റിച്ചിരിക്കണമെന്ന നിബന്ധനയുണ്ട് 

2) ബനാറസ് ഹിന്ദു സർവകലാശാലയിലെ ബി.കോം (ഹോണേഴ്സ്), ബി.കോം (ഹോണേഴ്സ്) ഫൈനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്  - (പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിൽ)

3) അലിഗർ മുസ്ലീം സർവകലാശാല, ബി.കോം (ഓണേഴ്സ്) (പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിൽ)

4) ആസാമിലെ ഗുവാഹത്തി  സർവകലാശാല -5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം.- എക്സിറ്റ് ഓപ്ഷനുണ്ട്. (പ്രവേശനം എൻട്രൻസ് വഴി) 

5) തേസ്പൂർ കേന്ദ്ര  സർവകലാശാല -  5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം. എക്സിറ്റ് ഓപ്ഷനുണ്ട്. (പ്രവേശനം എൻട്രൻസ് വഴി) 

6) ജാമിഅ  മില്ലിയ്യ ഇസ്ലാമിയ്യ -ബികോം (ഹോണേഴ്സ് )- (പ്രവേശനം എൻട്രൻസ് വഴി)

7) ലക്നോയിലുള്ള ബാബ സാഹിബ് ഭീം റാവു അംബേദക്കർ യൂണിവേഴ്സിറ്റി -ബി.കോം (ഹോണേഴ്സ്) -(പ്രവേശനം എൻട്രൻസ് വഴി)

8) ബിലാസ്പൂരിലെ ഗുരു  ഗാസിദാസ് വിശ്വ വിദ്യാലയ,- ബി.കോം (ഹോണേഴ്സ്)-  (പ്രവേശനം എൻട്രൻസ് വഴി)

9) അമർകന്തിലുള്ള  ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി,  -ബി.കോം ഹോണേഴ്സ് -(പ്രവേശനം +2 മാർക്ക് അടിസ്ഥാനത്തിൽ)

10) ആന്ധ്ര പ്രദേശിലുള്ള സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി-ബി.കോം (വൊക്കേഷണൽ) (പ്രവേശനം +2 മാർക്ക് അടിസ്ഥാനത്തിൽ) 

11) ബീഹാർ മഹത്മാഗാന്ധി  സെൻട്രൽ യൂണിവേഴ്സിറ്റി -ബി.കോം (ഹോണേഴ്സ്) (പ്രവേശനം പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിൽ)

12 ) ത്രിപുര കേന്ദ്ര സർവകലാശാല- 5 വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ കൊമേഴ്സ് (പ്രവേശനം +2 മാർക്കിന്റെ അടിസ്ഥാനത്തിൽ) (+2 തലത്തിൽ കൊമേഴ്സ് പഠിച്ചിരിക്കണം)


കൂടാതെ സെന്റ് സേവിയേഴ്സ് കോളേജ് (കൊൽക്കത്ത, മുംബൈ) ഗോയങ്കെ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ (കൊൽക്കത്ത), എൻ.എം.ഐ.എം.എസ് (മുംബൈ) ആർവി യൂണിവേഴ്സിറ്റി (ബാംഗ്ലൂർ), ലയോള കോളേജ് (ചെന്നൈ), സ്റ്റെല്ല മേരീസ് (ചെന്നൈ), ക്രൈസ്റ്റ് (ബാംഗളൂർ) തുടങ്ങിയ നിരവധി സ്ഥാപങ്ങളിൽ ബി.കോം വിഷയത്തിൽ സവിശേഷ പഠനത്തിനുള്ള അവസരങ്ങളുണ്ട്.


ബികോം പഠനത്തിനൊപ്പമോ അല്ലെങ്കിൽ പഠനം കഴിഞ്ഞോ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിൽ പരിശീലനം നേടിയാൽ ലോകത്തെമ്പാടുമുള്ള അവസരങ്ങൾ കണ്ടെത്താനാവും. 

കേരള സർക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി.എസ്.ടി) ശ്രദ്ധേയമായ ഒരു ഹ്രസ്വകാല കോഴ്സാണ്. 

ക്രെഡിറ്റ് അനാലിസിസ്, അക്കൗണ്ട്സ് പ്രാക്ട്രീസ്, ഫൈനാൻസ്, ഇ കൊമേഴ്സ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ്, ഇ-ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇൻഷുറൻസ്, ആക്ച്വറി, ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംങ്, ട്രാവൽ ആൻഡ് ടൂറിസം, എയർപോർട്ട് മാനേജ്മെന്റ്, ഈവന്റ് മാനേജ്മെന്റ്, ടൂറിസ്റ്റ് ഗൈഡ്, വെൽത്ത് മാനേജ്മെന്റ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി ജോലി കണ്ടെത്താൻ സാധിക്കും. 


ബി.കോം, ബി.കോം(ഓണേഴ്സ്), ബി.കോം പ്രൊഫഷണൽ എന്നീ കോഴ്സുകൾക്ക് പുറമെ കൊമേഴ്സുമായി ബന്ധപ്പെട്ട മറ്റു കോഴ്സുകളായ ബാച്ചിലർ ഓഫ് അക്കൗണ്ട്സ് ആന്റ് ഫൈനാൻസ്, ബാച്ചിലർ ഓഫ് ഫൈനാൻഷ്യൽ മാർക്കറ്റ്, ബി.വോക്ക് അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ, ബി.ബി.എ  ഫൈനാൻസ്, ബി.വോക്ക് ബാങ്കിംഗ് ആൻഡ് ഫൈനാൻസ് സർവീസ് എന്നിവയും ബിരുദതലത്തിൽ പരിഗണിക്കാം. 

ചാർട്ടേർഡ് എക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് എക്കൗണ്ടൻസി (സി.എം.എ ഇന്ത്യ), അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻസി (എ.സി.സി.എ), സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടൻസി(സി.എം.എ യു.എസ്), സർട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ് (സി.പി.എ), ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.ഐ.എം.എ), ചാർട്ടേർഡ് ഫൈനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ),  തുടങ്ങിയ ചാർട്ടേർഡ് കോഴ്സുകൾ മികച്ച തൊഴിലവസരങ്ങളും കരിയർ അഭിവൃദ്ധിയും നൽകുന്നവയാണ്. 


ബി.കോം പഠനത്തിന് ശേഷം തുടർ പഠനത്തിനായി എം.കോം തിരഞ്ഞെടുക്കാം. 

ടാക്സേഷൻ, ഇ-കൊമേഴ്സ്, ബിസിനസ് മാനേജ്മെന്റ്, ഫൈനാൻസ്, ഇന്റര്നല് ഓഡിറ്റിംഗ്,  ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇ-ബിസിനസ്, ഫൈനാൻഷ്യൽ മാനേജ്മെന്റ് ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, സെക്യൂരിറ്റി അനാലിസിസ് ആൻഡ് പോർട്ട് ഫോളിയോ മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് തുടങ്ങിയ നിരവധി ഇലക്റ്റീവുകളോട് കൂടിയ എം.കോം പ്രോഗ്രാമുകൾ ഒട്ടനവധി സ്ഥാപങ്ങളിൽ ലഭ്യമാണ്. 

അധ്യാപനത്തിൽ താല്പര്യമുള്ളവർക്ക് എം.കോമും കൊമേഴ്സിൽ ബി എഡും പൂർത്തിയാക്കി സെറ്റ് പരീക്ഷ എഴുതി ഹയർ സെക്കണ്ടറി തലത്തിലും യു.ജി.സി നെറ്റ് വഴി കോളേജ് തലങ്ങളിലും സാധ്യതകൾ കണ്ടെത്താവുന്നതാണ്. 

ബിരുദ, ഹയർ സെക്കണ്ടറി യോഗ്യതയുള്ളവർക്കായി  യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഐ.ബി.പി.എസ്, ആർ.ബി.ഐ തുടങ്ങിയ വ നടത്തുന്ന   വിവിധ മത്സരപരീക്ഷകളിൽ മികവ് തെളിയിച്ച് സർക്കാർ, പൊതുമേഖലാ സ്ഥാപങ്ങളിൽ ജോലി സാധ്യത ഉറപ്പിക്കാവുന്നതുമാണ്.


കൊമേഴ്സ് ബിരുദത്തിന് ശേഷം എം.കോം അല്ലാതെ മറ്റേതെങ്കിലും സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ത്രിവത്സര എൽ.എൽ.ബി, മാസ്റ്റർ ഇൻ ഫൈനാൻഷ്യൽ പ്ലാനിംഗ്, മാസ്റ്റർ ഇൻ ഫൈനാൻഷ്യൽ അനാലിസിസ്, എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, ഡെവലപ്മെന്റൽ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫൈനാൻസ് എന്നിവയിൽ മാസ്റ്റേഴ്സ്, ഫൈനാൻസ്, മാർക്കറ്റിംഗ്, ഇൻഷുറൻസ്, ഇന്റർനാഷണൽ ബിസിനസ്, റൂറൽ മാനേജ്മെന്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ എം.ബി.എ എന്നിവ ഉചിതമായിരിക്കും. 

ഒരല്പം വഴിമാറി സഞ്ചരിക്കുന്ന വർക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ, പബ്ലിക് പോളിസി& ഗവർണൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ, മാസ് കമ്മ്യൂണിക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഡി സാസ്റ്റർ മാനേജ്മെന്റ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഇന്റലക്ചൽ പ്രോപർട്ടി റൈറ്റ്,  ലൈബ്രററി ആന്റ് ഇൻഫർമേഷൻ സയൻസ്, വിമൻ സ്റ്റഡീസ്, സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്നീ മേഖലകളിലെ പഠന അവസരങ്ങൾ ഉപയോഗപ്പെടുത്താം


 യുജിസി നെറ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടി ഗവേഷണ അവസരങ്ങളും ഉപയോഗപ്പെടുത്താം. 

ഡൽഹി സ്ക്കൂൾ ഓഫ് എക്കണോമിക്സ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, സാവിത്രിഭായ് ഫൂലെ പൂന സർവകലാശാല, സെന്റ് സേവ്യേഴ്സ് കൊൽക്കത്ത, ത്രിപുര കേന്ദ്ര സർവകലാശാല, ലവ്ലി പ്രൊഫഷണൽ സർവകലാശാല പഞ്ചാബ്, ക്രൈസ്റ്റ് സർവകലാശാല ബാംഗ്ളൂർ തുടങ്ങിയവ പി.എച്ച്.ഡി  സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളിൽ ചിലതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students