Careers as a Dental Doctor

 പല്ലിൻ്റെ ഡോക്ടറാവാൻ.


 ഏവര്‍ക്കും അറിയാവുന്നതു പോലെ പല്ലുകളുടേയും ഒപ്പം മോണയുടേയും ചികിത്സാ ശാഖയാണു ദന്തശാസ്ത്രം. ഒരു കാര്‍ഡിയോളജിസ്റ്റിന് ഒരു രോഗിയില്‍ ഒരു ഹൃദയം മാത്രം ചികിത്സിക്കാന്‍ കിട്ടുമ്പോള്‍ ഒരു ദന്തിസ്റ്റിനു ഒരു രോഗിയില്‍ 32 പല്ലുകളാണു ചികിത്സിക്കാന്‍ കിട്ടുകയെന്നു തമാശയായി പറയാറുണ്ട്. 

സര്‍ക്കാര്‍ സര്‍വീസ്, ദന്തല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതകള്‍ക്കു പുറമെ സ്വകാര്യ പ്രാക്റ്റീസിനും അവസരങ്ങളുള്ള വൈദ്യശാസ്ത്രമാണു ഡെന്‍റിസ്ട്രി. 


പഠനം: 


BDS അഥവാ Bachelor of Dental Surgeory ആണ് അടിസ്ഥാനപഠനം. ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലിന്‍റെ (DCI) അംഗീകാരമുള്ള ധാരാളം കോളേജുകള്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

സര്‍ക്കാര്‍ കോളേജുകളും സ്വകാര്യ കോളേജുകളും ഇവയിലുള്‍പ്പെടും. സംസ്ഥാനത്തിനു പുറത്തുള്ള സ്വകാര്യകോളേജുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ കോളേജിന് ഡെന്‍റല്‍ കൗണ്‍സി ലിന്‍റെ അംഗീകാരമുണ്ടെന്ന് ഉറപ്പു വരുത്തണം.


ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടെ +2 ആണ് അടിസ്ഥാന യോഗ്യത. മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയായ NEET സ്കോർ/റാങ്ക് അടിസ്ഥാനത്തിലാണു അഡ്മിഷന്‍. 

ഉയര്‍ന്ന റാങ്കു നേടുന്നവര്‍ക്കു മാത്രമേ മികച്ച കോളേജുകളിൽ BDS പ്രവേശനം ലഭിക്കാറുള്ളൂ. നാലു വര്‍ഷത്തെ കോഴ്സിനു ശേഷം ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പുമുണ്ട്.


പാഠ്യക്രമം:


 ശാസ്ത്രീയമായ ദന്തചികിത്സയ്ക്ക് വായയുടെയും അനുബന്ധ അവയവങ്ങളുടെയും ഘടനയും ധര്‍മ്മവും രോഗാവസ്ഥയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും മാത്രം പഠന വിധേയമാക്കിയാല്‍ മതിയാവുകയില്ല. ദന്തവിദ്യാര്‍ത്ഥിക്ക് പൊതുവായ ശരീരശാസ്ത്രത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിരിക്കണം. 

ശരീരശാസ്ത്രം, എംബ്രിയോളജി, ഹിസ്റ്റോളജി, ശരീരധര്‍മ്മശാസ്ത്രം, ജൈവ രസതന്ത്രം, സാമാന്യ ഔഷധ ശാസ്ത്രം, സൂക്ഷ്മാണു ജീവശാസ്ത്രം, സാമാന്യ ശസ്ത്ര ക്രിയാ ശാസ്ത്രം എന്നീ വിഷയങ്ങളുടെ പഠനം ഡെന്‍റിസ്ട്രിയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഉപരിപഠനം: 


സ്വകാര്യ ഡന്‍റല്‍ കോളേജുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ദന്തഡോക്ടര്‍മാരുടെ എണ്ണത്തിലും പ്രതിഫലിച്ചു കഴിഞ്ഞു. അതിനാല്‍ BDS ബിരുദം മാത്രമുള്ളവര്‍ തൊഴില്‍ രംഗത്ത് വലിയ മത്സരം നേരിടേണ്ടി വരുന്നു. ബിരുദാനന്തര ബിരുദ പഠനത്തിലൂടെ സ്പെഷലൈസേഷന്‍ നേടുകയെന്നതാണ് തൊഴിലവസരം മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗ്ഗം. അധ്യാപനം ഇഷ്ടപ്പെടുന്നവരും പി.ജി. പഠനം നടത്തണം.


ദന്തശാസ്ത്ര രംഗത്തെ ബിരുദാനന്തര ബിരുദം MDS ആണ്. BDS പഠനത്തിനു ശേഷമുള്ള 3 വര്‍ഷത്തെ സവിശേഷ പഠനമാണിത്. Orthodontics, Perioþ dontics, Endodontics, Conserþ vative Dentistry, Oral Pathology and Microbiology, Oral Medicine, Oral and Maxillofacial Surgery, Communtiy Dentistry തുടങ്ങിയ നിരവധി ശാഖകള്‍ ദന്തല്‍ സ്പെഷലൈസേഷനുകളായുണ്ട്.


ദന്ത ശാസ്ത്രവുമായി ബന്ധപ്പെട്ട ചില പാരാമെഡിക്കല്‍ കോഴ്സുകള്‍ :

 ദന്തശാസ്ത്ര രംഗത്തെ പാരാമെഡിക്കല്‍ പഠനാവസരങ്ങളെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളുടെ അവബോധം വളരെ കുറവാണ്.


മൂന്നു പാരാമെഡിക്കല്‍ കോഴ്സുകള്‍ ഈ രംഗത്തുണ്ട്:

1. Dental Mechanic

2. Dental Hygienist

3. Dental Assistant


സിറാമിക്, കൃത്രിമ ദന്താവയവങ്ങളുടെയും ക്രൗണ്‍, ബ്രിഡ്ജ് വര്‍ക്കുകളുടെയും നിര്‍മ്മാണം ദന്തല്‍ മെക്കാനിക്കുകളുടെ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടും.

 ദന്ത ഡോക്ടറെ സഹായിക്കുകയാണ് ദന്തല്‍ ഹൈജീനിസ്റ്റ്, ദന്തല്‍ അസിസ്റ്റന്‍റ് എന്നീ തൊഴില്‍ മേഖലകളുടെ സാമാന്യ ലക്ഷ്യം.


ദന്തഡോക്ടര്‍മാരെ അപേക്ഷി ച്ച് പാരാമെഡിക്കല്‍ കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്നവരുടെ എണ്ണം വളരെ കുറവായതിനാല്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യത കൂടുതലായുണ്ട്.


സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് എല്‍. ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി ഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേ ണ്ടത്. ഫിസിക്സ്, കെമിസ്ട്രി & ബയോളജിക്കു ആകെ 40% മാര്‍ ക്കോടെ പ്ളസ്ടു/വി.എച്ച്.എസ്. സി. പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി അപേക്ഷകര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവിന് അര്‍ഹതയുണ്ട്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കാണു പ്രവേശനത്തിനു പരിഗണിക്കുക.


കേരളത്തില്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജുകളിലും ചില സ്വകാര്യ കോളേജുകളിലും ദന്തല്‍ പാരാമെഡിക്കല്‍ കോഴ്സുകളുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students