Engineering Courses: How to Select Options: എഞ്ചിനീയറിങ്ങ് കോഴ്സ് ഓപ്ഷനുകൾ നൽകും മുമ്പ്

                           

 *എഞ്ചിനീയറിങ്ങ് കോഴ്സ് ഓപ്ഷനുകൾ നൽകും മുമ്പ്*


നിരവധി എഞ്ചിനീയറിങ്ങ് ബ്രാഞ്ചുകൾ നിലവിലുണ്ട്, അവകളിൽ ചിലതിനെ പരിചയപ്പെടുത്തുന്നു. നിങ്ങൾക്ക് അനുയോജ്യമെന്ന് കരുതുന്നത്, നിങ്ങളുടെ താത്പര്യമനുസരിച്ച് ഓപ്ഷനിൽ ഉൾപ്പെടുത്തുക.


1. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്:


ഏറ്റവും അധികം ക്യാപസ് റിക്രൂട്ട്മെന്റ് നടക്കുന്നതും തുടക്കത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭിക്കുന്നതുമായ കോഴ്സ് ആണ് കംപ്യൂട്ടറും, ഐടി എൻജിനീയറിങ് കോഴ്സും;  മൊബൈൽ ഫോണും MP3 പ്ലേയറും മുതൽ  സൂപ്പർ കംപ്യൂട്ടർ വരെയുള്ള നിരവധി ഇലക്ട്രോണിക് ടെക്നോളജിയുടെ പ്രവർത്തനം കംപ്യൂട്ടർ എൻജിനീയറുടെ  സഹായത്താലാണ് പ്രവർത്തിക്കുന്നത്. എല്ലാ സാങ്കേതിക വസ്തുക്കളിലും കംപ്യൂട്ടർ ടെക്നോളജിക്ക് സ്ഥാനം ഉള്ളത് കൊണ്ടാണ് കംപ്യൂട്ടർ എൻജിനീയറിങ്  അഥവാ ഐടി എൻജിനീയറിങിനു വലിയ ആവശ്യം ഇന്നും ഉള്ളത്. കണക്കിനോടും സയൻസിനോടും അഭിരുചിയും മാറുന്ന ടെക്നോളജികൾക്ക് അനുസരിച്ച് മാറുവാനും, പഠിച്ചെടുക്കാനും ഉള്ള മനസ്സും ഉണ്ടെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്  / ഐടി മികച്ച ജോലി സാധ്യതയും സാമ്പത്തിക നേട്ടങ്ങളും നൽകുന്ന കോഴ്സ് ആണ്. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ മേഖല ഐടി ആണ് എന്ന ഒരു സാഹചര്യം നിലവിലുണ്ട്.


2. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് :


കംപ്യൂട്ടറിന്റെ ഹാർഡ് വെയർ ഡിസൈൻ, കമ്മ്യൂണിക്കേഷൻ രംഗത്തെ പല ഉപകരണങ്ങളുടെയും നിർമ്മാണം തുടങ്ങിയ ധാരാളം പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖലയാണ്. വ്യവസായ മേഖലയിലും സൈനിക മേഖലയിലും ശാസ്ത്ര മേഖലകളിലും നിരവധി തൊഴിൽ സാധ്യതയും നൽകുന്നുണ്ട്. സെമികണ്ടക്ടറുകളും ഐസി ചിപ്പുകളും VLSI ഉപകരണങ്ങളും ഇലക്ട്രോണിക് സർക്യൂട്ട് ഡിസൈനുകളും ഇലക്ട്രോണിക്സുകാരുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടും, മികച്ച പാക്കേജുകൾ നൽകുന്ന നിരവധി മൾട്ടി നാഷണൽ കമ്പനികൾ മികച്ച എൻജിനീയറിങ്  വിദ്യാർത്ഥികൾക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. സിഗ്നൽ പ്രോസസിംഗ്, ടെലി കമ്മ്യുണിക്കേഷൻ എൻജിനീയറിങ്, അക്വസ്റ്റിക് തുടങ്ങിയവ ഇലക്ട്രോണിക്സിന്റെ ശാഖകളാണ്. മാത്സും പ്രോഗ്രാമ്മിംഗ്,  ഇലക്ട്രോണിക്സ് എന്നിവയോടുള്ള താൽപര്യം ഈ വിഷയം പഠിക്കുന്നതിന് ആവശ്യമാണ്.


3. മെക്കാനിക്കൽ എൻജിനീയറിങ് 


വസ്തുക്കളുടെ ഊർജ്ജം, ചലനം, ശക്തി എന്നിവയെപ്പറ്റിയുള്ള പഠനമാണ് മെക്കാനിക്കൽ എൻജിനീയറിങ് . മനുഷ്യനെയും വസ്തുക്കളെയും ഉപയോഗിച്ച്  ഏറ്റവും ചിലവ് കുറഞ്ഞ് ഉയർന്ന ഗുണനിലവാരത്തോടെ വ്യവസായിക നിർമ്മാണ മേഖലയെ ഉപയോഗിക്കുന്നതാണ് മെക്കാനിക്കൽ എൻജിനീയറിങ്  ശാഖയുടെ പ്രാധാന്യം. ഗവേഷണം, പ്രോഡക്ട് ഡിസൈൻ, എനർജി മാനേജ്മെന്റ് തുടങ്ങിയവ മെക്കാനിക്കൽ എൻജിനീയറിങ്  മേഖലയുടെ തൊഴിൽ സാധ്യതയിൽപ്പെടുന്ന കാര്യങ്ങളാണ്. മാത്തമാറ്റിക്സ്, സയൻസ്, ഭാഷ എന്നിവയിൽ നല്ല പ്രാവീണ്യവും അൽപം കംപ്യൂട്ടർ പ്രോഗ്രാമ്മിംഗ് നടത്തുന്നതിനുള്ള കഴിവും മികച്ച രീതിയിലുള്ള മെക്കാനിക്കൽ എഞ്ചിനീയർ ആകുന്നതിന് ആവശ്യമുണ്ട്. ഇന്റേൺഷിപ്പ് വഴി ലഭിക്കുന്ന അനുഭവം മെക്കാനിക്കൽ എൻജിനീയറായി പ്രവർത്തിക്കുന്നതിന് വളരെ പ്രധാനമാണ്. പ്രൊഡക്ഷൻ എൻജിനീയറിങ് , മെറ്റീരിയൽസ് സയൻസ് എൻജിനീയറിങ് , ഓട്ടോമോട്ടീവ് എൻജിനീയറിങ് , തെർമൽ എൻജിനീയറിങ് , ട്രാൻസ്പോർട്ട് എൻജിനീയറിങ് തുടങ്ങിയവ മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ ഉപശാഖകളാണ്. എൻജിനീയറിങ്  രംഗത്തെ പഴയ ബ്രാഞ്ച് ആണിത്.


4. ഇലക്ട്രിക്കൽ എൻജിനീയറിങ് 


ഇലക്ട്രോണിക്സും കാന്തിക പ്രവർത്തനങ്ങളും ഇലക്ട്രിസിറ്റിയുടെ ആപ്ലീക്കേഷനുകളും പഠിക്കുന്ന മേഖലയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്. മെഡിക്കൽ രംഗത്തും ഗെയിംസുകളിലും, റോബോട്രിക്സിലും സെൽഫോണിലും കാറുകളിലും നാവിഗേഷൻ രംഗങ്ങളിലും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനു പ്രാധാന്യമുണ്ട്. ആധുനിക ലോകത്തെ എല്ലാ സംവിധാനങ്ങളും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിനോട് ചേർന്ന് നിൽക്കുന്നു. ആധുനിക സാങ്കേതിക  വിദ്യകളായ സോളാർ, വിൻഡ് പവർ തുടങ്ങിയവ എനർജി സംവിധാനങ്ങൾ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടതാണ്. ഫിസിക്സും കണക്കും വളരെയധികം ഉപയോഗിക്കുന്ന ഒരു മേഖലയാണ് ഇത്. പെട്രോളിന്റെയും ഡീസലിന്റേയും വില വർദ്ധന മൂലം ഓട്ടോമോട്ടീവ് വ്യവസായ മേഖല ഇലക്ട്രിക്കൽ കാറുകൾ നിരത്തിലിറക്കപ്പെടുന്ന കാലത്ത് ഏറ്റവും ആവശ്യമായ എൻജിനീയറിങ്  വിഭാഗമായി ഇലക്ട്രിക്കൽ എൻജിനീയറിങ് മാറുന്നുണ്ട്. ഗവൺമെന്റ് ജോലികളും പ്രൈവറ്റ് മേഖലയിലെ ജോലി സാധ്യതയും ഗവേഷണ സാധ്യതകളും ധാരാളമായിട്ട് ലഭിക്കുന്ന മേഖലയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് .


5. സിവിൽ എൻജിനീയറിങ് 


റോഡ്, പാലം, കെട്ടിടം തുടങ്ങിയവയുടെ നിർമ്മാണം, ജലവിതരണം  ശൃംഖലയുടെ ഡിസൈൻ, നിർമ്മാണങ്ങളുടെ മേലന്വേഷണവും ടീം വർക്കുകളും സിവിൽ എഞ്ചിനീയറുടെ ചുമതലായണ്. കാലാവസ്ഥക്ക് അനുകൂലമായ  നിർമ്മാണം, നിർമ്മാണത്തിന്റെ ഗുണനിലവാരം തുടങ്ങിയവ ഉറപ്പ് വരുത്തേണ്ടത് സിവിൽ എഞ്ചിനീയറാണ്. വളരെയധികം തൊഴിൽ മേഖല ലഭിക്കുന്ന എൻജിനീയറിങ്  ശാഖയാണ് സിവിൽ എൻജിനീയറിങ്.

ജിയോ ടെക്നിക്കൽ എൻജിനീയറിങ്  എന്ന ശാഖ സിവിൽ എഞ്ചിനീയറിംഗിന്റെ മറ്റൊരു പ്രധാന നിർമ്മാണ ശാഖയാണ്. ഗവൺമെന്റ് ജോലിക്കു ഏറ്റവും സാധ്യതയുള്ള കോഴ്സ് ആണ് സിവിൽ എൻജിനീയറിങ് . പഠിക്കാൻ ഫിസിക്സും മാത്തമാറ്റിക്സും നന്നായി അറിയണം. ഭൗമചലന പഠനം, കാലാവസ്ഥ പഠനം, കൺസ്ട്രക്ഷൻ എൻജിനീയറിങ് , മെറ്റീരിയൽ സയൻസ് ആന്റ് എൻജിനീയറിങ്  സർവ്വേ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്   മുൻസിപ്പൽ എൻജിനീയറിങ്  തുടങ്ങിയവ ഉപശാഖകളാണ്.


6. ആർക്കിടെക്ച്ചറൽ എൻജിനീയറിങ് 


മറ്റ് എൻജിനീയറിങ്  വിഭാഗങ്ങളുമായി പ്രവർത്തിച്ചുകൊണ്ട് സ്ട്രക്ച്ചറൽ, മെക്കാനിക്കൽ , ഇലക്ട്രിക്കൽ, നിർമ്മാണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഡിസൈൻ ചെയ്യുന്ന പ്രവർത്തനമാണ് ആർക്കിടെക്ചറൽ ഡിസൈൻ. പ്ലാനിംഗ്, ഡിസൈനിങ്ങ് തുടങ്ങിയ ആർക്കിടെക്ചറിന്റെ ചുമതലയിൽ പെടുന്ന കാര്യമാണ്. മുറികളിലെ താപം, വായു സഞ്ചാരം, ശീതികരണം, പ്ലംബിങ്ങ്, ഫയർ സുരക്ഷ, ഇലക്ട്രിക്കൽ, അക്കൗസ്റ്റിക്സ്, സ്ട്രക്ചർ തുടങ്ങിയ കൂടി ആർക്കിടെക്ചറൽ എൻജിനീയറിങ്  പഠനത്തിൽ ആവശ്യമാണ്. സിവിൽ എൻജിനീയറിങ്  കോഴ്സിനേക്കാൾ ചെലവേറിയതും കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുള്ളതുമായ കോഴ്സ് ആണ് ആർക്കിടെക്ചറൽ എൻജിനീയറിങ്.


7. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്


ഇൻഡസ്ട്രിയൽ എ‍ഞ്ചിനീയറിങ്ങിന്റെ ഭാഗമായ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്  വ്യവസായ ഉപകരണങ്ങളുടെ എൻജിനീയറിങ്  ഡിസൈൻ ആണ് ലക്ഷ്യമാക്കുന്നത്. എണ്ണ കമ്പനികളിലും ധാരാളം മെഷിനറികൾ പ്രവർത്തിക്കുന്ന ഇൻഡസ്ട്രികളിലും ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിന്റെ സേവനം വളരെ പ്രധാനമാണ്.  അധികം ആളുകൾക്ക് ഈ മേഖലയിലെ അവസരങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല. കൂടുതൽ വ്യവസായിക ലോകം ഓട്ടോമേറ്റ്സ് ആയിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗിന് നല്ല സാധ്യതകളാണുള്ളത്. കൺട്രോൾ സിസ്റ്റം ആണ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിലെ പ്രധാന വിഷയം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ് തുടങ്ങിയ എൻജിനീയറിങ്  ശാഖകളിൽ നിന്നും ഉള്ള കാര്യങ്ങൾ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൻ്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.


8.  ഓട്ടോ മോട്ടീവ് എൻജിനീയറിങ്


മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന്റെ സവിശേഷ വിഭാഗമാണ് ഓട്ടോമോട്ടീവ് എൻജിനീയറിങ് . കാർ, ട്രക്ക്, മോട്ടോർ സൈക്കിൾ തുടങ്ങിയവയുടെ ഡിസൈൻ, നിർമ്മാണം, മറ്റു മോട്ടോർ വാഹനങ്ങളുടെ ചെറിയ ഭാഗങ്ങളുടെ ഡിസൈൻ, ടെസ്റ്റിംഗ് എന്നിവ ഓട്ടോമോട്ടീവ് എൻജിനീയറിങ്  വിഭാഗത്തിൽ പെടുന്നു. ആൾജിബ്ര, ട്രിഗണോമെട്രി, കാൽക്കുലസ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കുള്ള അറിവ് പ്രധാനമാണ്. ടെക്നീഷ്യൻ, സേഫ്റ്റി എഞ്ചിനീയർ, എമിഷൻ റിസർച്ച്, പെർഫോർമൻസ് എഞ്ചിനീയർ തുടങ്ങിയ നിരവധി ജോലികൾ ഓട്ടോമോബൈൽ വ്യവസായത്തിൽ ലഭ്യമാണ്.


9. ബയോ മെഡിക്കൽ എൻജിനീയറിങ്


ബയോളജി, മെഡിസിൻ, എൻജിനീയറിങ്  എന്നിവ സംയുക്തമായി പഠിക്കുന്ന എൻജിനീയറിങ്  മേഖലയാണ് ബയോ മെഡിക്കൽ എൻജിനീയറിങ് . രോഗികളുടെ സൗകര്യങ്ങൾ ഭേദപ്പെടുത്തുന്നതിനു വേണ്ടി, പുതിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി (MRI SCAN, മൈക്രോസ്കോപ്പിക്കൽ സർജറി ഉപകരണങ്ങൾ) ആരംഭിച്ച എൻജിനീയറിങ്  വിഭാഗമാണ്. വൈവിധ്യമാർന്ന മേഖലകളിൽ ബയോമെഡിക്കൽ എൻജിനീയറിങ്  കഴിഞ്ഞവർക്ക് പ്രവർത്തിക്കാം. ഹോസ്പിറ്റലുകൾ, നിർമാണ മേഖല, റിസർച്ച് മേഖല തുടങ്ങിയവയിൽ എല്ലാം ജോലി സാധ്യതയുണ്ട്.


10. മറൈൻ എൻജിനീയറിങ് 


ബോട്ടുകൾ, വെള്ളത്തിനടിയിൽ സഞ്ചരിക്കുന്നതോ പ്രവർത്തിക്കുന്നതോ ആയ ഉപകരണങ്ങൾ തുടങ്ങിയ ഡിസൈൻ ചെയ്യുന്നതിനും ഉണ്ടാക്കുന്നതിനും പരീക്ഷിക്കുന്നതിനും ഉള്ള വിഭാഗമാണ് മറൈൻ എൻജിനീയറിങ് . വളരെ കുറച്ച് സീറ്റുകൾ മാത്രമേ കേരളത്തിൽ ലഭ്യമുള്ളൂ. മികച്ച അറിവ് കണക്കിലും ഐടിയിലും ആവശ്യമാണ്. നല്ല ടെക്നിക്കൽ അറിവും ഒരു ടീം മാനേജ് ചെയ്യുന്നതിനുള്ള കഴിവും ജോലികൾക്ക് അത്യാവശ്യമനുസരിച്ച് ക്രമീകരിക്കുവാൻ കഴിവുള്ളവരും ആയിരിക്കണം മറൈൻ എഞ്ചിനീയർ.


11. പെട്രോളിയം എൻജിനീയറിങ്


ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻജിനീയറിങ്  ശാഖയാണ്. ജിയോ ഫിസിക്സ്, പെട്രോളിയം ജിയോളജി, ഡ്രില്ലിംഗ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വൈവിദ്ധ്യങ്ങളായ വിഷയങ്ങൾ പെട്രോളിയം എൻജിനീയറിങ്  കൈകാര്യം ചെയ്യുന്നുണ്ട്. കെമിക്കൽ എഞ്ചിനീയറിങ്ങിന്റെ ഒരു ഉപവിഭാഗമാണ് പെട്രോളിയം എൻജിനീയറിങ് എന്നും പറയാം . മികച്ച വരുമാന മാർഗ്ഗം ലഭിക്കുന്ന പെട്രോളിയം എൻജിനീയറിങ് കോഴ്സുകൾക്ക് സീറ്റുകൾ വളരെ കുറവാണ്.


12. ഡെയറി സയൻസ് & ടെക്നോളജി


കാലികളുടെ ‌ആഹാരം, ശരീരശാസ്ത്രം എന്നിവയ്ക്കു പുറമേ ജനറ്റിക്സ്, ബ്രീഡിങ്, ഫുഡ് സയൻസ്, വിവിധ ഡെയറി ഉൽപന്നങ്ങൾ, ‍ഡെയറി പ്ലാന്റ്, വിപണനം മുതലായവയെക്കുറിച്ചും പഠിക്കാം. പാലിന്റെ ഉൽപാദനം, സംസ്കരണം, പരിശോധന, ഗുണനിയന്ത്രണം, വിതരണം എന്നിവയിൽ ജോലിസാധ്യത. 


13. മെക്കട്രോണിക്സ്:


മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ ടെക്നോളജി ശാഖകൾ സമന്വയിപ്പിക്കുന്നു. ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, മോഷൻ കൺട്രോൾ, റോബട്ടിക്സ് മുതലായവയിൽ ഈ രീതി പ്രയോജനപ്പെടും. ഡിജിറ്റൽ ക്യാമറ, ഫോട്ടോകോപ്പിയർ, കംപ്യൂട്ടർ ഡിസ്ക് ഡ്രൈവ്, വാഷിങ് മെഷീൻ, ഡിഷ് വാഷർ, മെഷീൻ ടൂൾസ്, കാർ മുതലായവയുടെ രൂപകൽപനയിലും മെക്കട്രോണിക്സ് വരും. 


14. നേവൽ ആർക്കിടെക്ചർ & ഷിപ് ബിൽഡിങ്


കപ്പലുകളടക്കം ജലവാഹനങ്ങളുടെ രൂപകൽപനയും നിർമാണവും പരിപാലനവും ഇവയുമായി ബന്ധപ്പെട്ട് കരയിൽ വേണ്ട സാങ്കേതികസൗകര്യങ്ങളും പഠനവിഷയമാണ്. ഷിപ് യാർഡ്, നാവികസേന, ഡോക് യാർഡ്, ക്ലാസിഫിക്കേഷൻ സൊസൈറ്റി, ഓയിൽ റിഗ് നിർമാണകേന്ദ്രം മുതലായവയിൽ അവസരം. 


15. പോളിമർ


മുഖ്യമായും റബർ, പ്ലാസ്റ്റിക് എന്നിവ സംബന്ധിച്ച പഠനം. വ്യവസായശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും അവസരം. 


16. പ്രിന്റിങ്


ഇലക്ട്രോണിക്സ്, ഐടി മുന്നേറ്റം പ്രിന്റിങ്ങിൽ വൻ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അച്ചടിമാധ്യമങ്ങൾ, പ്രസിദ്ധീകരണശാലകൾ, പരസ്യ ഏജൻസികൾ, പാക്കേജിങ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അവസരം. സ്വയംതൊഴിലുമാകാം.


17. പ്രൊഡക്‌ഷൻ


പാഠ്യക്രമത്തിലെ ഏറിയ പങ്കും മെക്കാനിക്കൽ എൻജിനീയറിങ്ങാണ്. യോഗ്യത നേടുന്നവർക്കു പ്ലാന്റ് ഡിസൈൻ മുതൽ പ്രൊഡക്‌ഷൻ മാനേജ്മെന്റ് വരെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ കഴിയും. മെക്കാനിക്കൽ എൻജിനീയറായും ജോലി ചെയ്യാം. 


18. സേഫ്റ്റി & ഫയർ


വികസിത രാജ്യങ്ങളിൽ സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ യോഗ്യത നേടിയവർക്ക് നല്ല അവസരങ്ങളുണ്ട്. ഇന്ത്യയിലും നിയമങ്ങൾ കർശനമാക്കുന്നുണ്ട്. പെട്രോളിയം / രാസ വ്യവസായങ്ങളിൽ സുരക്ഷാ നിബന്ധനകൾ സുപ്രധാനം. 


ഇനിയും പറയാനുണ്ടൊട്ടേറെ, കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ് അതെപ്പറ്റി കുറച്ചെങ്കിലും കുട്ടികൾക്ക് അറിയാൻ സാധിക്കട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റിട്ടത്. അനുയോജ്യമായ കോഴ്‌സുകളെയും, മികച്ച സ്ഥാപനങ്ങളെയും കണ്ടെത്തി അവിടെ 4 വർഷം (8 സെമസ്റ്റർ) പഠിച്ച് മികച്ച എഞ്ചിനീയറാകാൻ നമ്മുടെ മക്കൾക്കാകട്ടെ എന്നാശംസിച്ച്.



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students