ലോജിസ്റ്റിക്‌സ് & സപ്ലെചെയിൻ മാനേജ്മെന്റ്: തൊഴില്‍ സാധ്യതകള്‍*

*ലോജിസ്റ്റിക്‌സ് & സപ്ലെചെയിൻ മാനേജ്മെന്റ്: തൊഴില്‍ സാധ്യതകള്‍*

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://t.me/anfasmash

🔰 2022 - ഓടെ 1.17 കോടി തൊഴിലവസരങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്ന മേഖലയാണ് ലോജിസ്റ്റിക്സ്. വിദേശ നിക്ഷേപ വളർച്ച, ഇ-കൊമേഴ്സ് മേഖലയുടെ മുന്നേറ്റം എന്നിവ ലോജിസ്റ്റിക്സിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. ചരക്കുനീക്കം, ഗതാഗതം, സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലാണ് തൊഴിലാളികളെ ആവശ്യമായി വരിക. നിലവിൽ 1.67 കോടി പേർ രാജ്യത്ത് ഈ മേഖലയിൽ ജോലി ചെയ്യുന്നു.

*🔰 ഒരു ഉത്പന്നം ഉത്പാദനകേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ പക്കൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജ്മെന്റ് കഴിവിനെയാണ് ലോജിസ്റ്റിക്സ് എന്ന് വിളിക്കുന്നത്. ഉത്പന്നം നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സമയാസമയങ്ങളിൽ ഉത്പാദന കേന്ദ്രത്തിലെത്തിക്കേണ്ട ചുമതലയും ഈ വിഭാഗത്തിനാണ്.*

🔰 ചുരുക്കത്തിൽ ഫാക്ടറിക്കകത്തേക്കും പുറത്തേക്കും പോകുന്ന സാധനസാമഗ്രികളുടെയെല്ലാം പൂർണ ഉത്തരവാദിത്വം കൈയാളുന്ന വകുപ്പാണ് ലോജിസ്റ്റിക്സ്. ഗ്രീക്ക് പദമായ 'ലോഗോസി'ൽ നിന്നാണ് ലോജിസ്റ്റിക്സ് എന്ന പദം പിറവിയെടുത്തത്. 1990-കളിൽ ആഗോളീകരണം വ്യാപകമായതോടെയാണ് ഈ തൊഴിൽമേഖല വികസിച്ചതും തൊഴിൽസാധ്യത വർധിച്ചതും


*🔲 ലോജിസ്റ്റിക്സ് അഥവാ സപ്ലൈചെയിൻ മാനേജ്മെന്റ്*

🔰 ഒരു കമ്പനിയിലെ ലോജിസ്റ്റിക്സ് മാനേജർ ആ കമ്പനിയിലെ മറ്റ് ഓഫീസറുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കണം. പർച്ചേസിങ് ഓഫീസർ, ട്രാൻസ്പോർട്ട്, വെയർഹൗസ് മാനേജർ എന്നിവരുമായി എപ്പോഴും സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കണം ലോജിസ്റ്റിക്സ് മാനേജർ. കമ്പനിക്ക് ഉത്പാദനത്തിന് വേണ്ട സാധനങ്ങൾ എത്തിക്കുന്നതും കമ്പനി ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ പുറത്ത് വിൽക്കുന്നതുവരെയുള്ള ജോലികൾ ഓരോ ലോജിസ്റ്റിക്സ് മാനേജർമാരും അറിഞ്ഞിരിക്കണം.

🔰 ഉത്പാദകർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നീ മൂന്ന് വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണിയായതുകൊണ്ടാണ് ലോജിസ്റ്റിക്സിനെ സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നും വിശേഷിപ്പിക്കുന്നത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡ് ട്രാൻസ്പോർട്ട് രംഗത്തെ സ്വകാര്യ കമ്പനികൾ, ഓൺലൈൻ വില്പന വെബ്സൈറ്റുകൾ എന്നിങ്ങനെ നീളുന്നു ഈ രംഗത്തെ തൊഴിലിടങ്ങൾ.

🔰 രാജ്യാതിർത്തികൾ മറികടന്നും കച്ചവടം ചെയ്യാൻ ബഹുരാഷ്ട്ര കമ്പനികൾക്ക് അനുവാദം ലഭിച്ചതോടെയാണ് ലോജിസ്റ്റിക്സ് വിഭാഗം വളരാൻ തുടങ്ങിയത്. ചരക്കുകൾ വിവിധ രാജ്യങ്ങളിലേക്ക് കൃത്യസമയത്തിനെത്തിക്കുക എന്നത് വലിയ വെല്ലുവിളിയായതോടെ പ്രശ്നം മറികടക്കുന്നതിന്റെ ഭാഗമായാണ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് പിറവിയെടുത്തത്.

*🔲 മികച്ച തൊഴിൽസാധ്യത*

🔰 ഓൺലൈൻ ചില്ലറ വില്പനരംഗത്തെ അതികായരായ ഫ്ളിപ്കാർട്ടും ആമസോണും പോലുള്ള കമ്പനികൾ വൻ തൊഴിലവസരങ്ങളാണ് ലോജിസ്റ്റിക്സ്, വെയർഹൗസിങ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്. ഈ കമ്പനികൾ വഴി വില്പന നടത്തുന്ന സ്ഥാപനങ്ങൾ അവരുടെ മേഖലയിൽ നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഉത്പാദനം മുതൽ വിതരണം വരെ അടങ്ങുന്ന ഇൻഫർമേഷൻ, ട്രാൻസ്പോർട്ടേഷൻ, വേർഹൗസിങ്, മെറ്റീരിയൽ ഹാൻഡ്ലിങ്, പാക്കേജിങ് തുടങ്ങി സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളിൽ അവഗാഹമുണ്ടാവണം ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്.

🔰 കൊച്ചിയിലെ വല്ലാർപാടം കണ്ടയ്നർ ടെർമിനൽ പൂർണമായി സജ്ജമാവുന്നതോടെയും വിഴിഞ്ഞം തുറമുഖം വരുന്നതോടെയും വൻ തൊഴിലവസരങ്ങളാണ് ലോജിസ്റ്റിക്സ് മേഖല ലക്ഷ്യമിടുന്നത്. ലോജിസ്റ്റീഷ്യൻ എന്ന് പേരിട്ട് വിളിക്കുന്ന ഈ വിഭാഗക്കാർക്ക് നല്ല ശമ്പളമാണ് പല അന്താരാഷ്ട്ര കമ്പനികളും നീക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതയാണുള്ളത്.

🔰 കമ്പനികൾ ഈ രംഗത്ത് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണ്. ഷിപ്പിങ് കമ്പനികളിലാണ് ഏറ്റവും കൂടുതൽ തൊഴിൽസാധ്യത. അസംസ്കൃതവസ്തുക്കളോ മറ്റ് ഉത്പന്നങ്ങളോ ഇറക്കുമതി ചെയ്യുകയോ കയറ്റി അയയ്ക്കുകയോ ചെയ്യുന്ന സാധാരണ മാനുഫാക്ചറിങ് കമ്പനികൾക്ക് വരെ ലോജിസ്റ്റിക്സ് വിദഗ്ധരെ ആവശ്യമാണ്. ഇൻവെന്ററി മാനേജേഴ്സ്, വെയർഹൗസ് മാനേജേഴ്സ്, കസ്റ്റമർ കെയർ മാനേജേഴ്സ്, സ്റ്റോറേജ് എക്യുപ്മെന്റ് ഹാൻഡ്ലിങ് മാനേജേഴ്സ്, മെഷിനറി മാനേജേഴ്സ് തുടങ്ങി സപ്ലൈ ചെയിന്റെ വിവിധ ഇടങ്ങളിലാണ് തൊഴിൽസാധ്യതയുള്ളത്.


🔰 പട്ടാളക്കാർക്ക് പടക്കോപ്പുകളും ഭക്ഷണവുമെല്ലാം യുദ്ധസ്ഥലത്ത് എത്തിക്കുന്ന പ്രത്യേക സേനാവിഭാഗത്തെ വിശേഷിപ്പിക്കാനാണ് ലോജിസ്റ്റിക്സ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. ഇന്നും സൈന്യത്തിലെ അതിപ്രധാനമായൊരു വിഭാഗമാണ് ലോജിസ്റ്റിക്സ്. ഇന്ത്യൻ നേവി ലോജിസ്റ്റിക്സ് ബ്രാഞ്ചിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാറുണ്ട്. ഏറെ വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും വേണ്ട തൊഴിലാണ് ലോജിസ്റ്റിക്സ്.
ഉത്പാദന വിതരണ നിയമ മേഖലകളിലെ അവഗാഹം ഈ പ്രവർത്തനത്തിന് കൂടിയേ തീരു. അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരുമായും ഉത്പന്നങ്ങളുടെ വിതരണക്കാരുമായും നിരന്തരം ഓരോ ലോജിസ്റ്റിക്സ് മാനേജരും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. നേതൃപാടവം, കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷി, എന്നിവയാണ് ലോജിസ്റ്റീഷ്യന് പ്രധാനമായും വേണ്ട ഗുണം. സുഗമമായ ചരക്കുനീക്കം ഉറപ്പുവരുത്താൻ വിവിധ രാജ്യങ്ങളിലെ വാണിജ്യനിയമങ്ങൾ, ചരക്കുനീക്കത്തിനുള്ള നിയന്ത്രണം എന്നിവയെക്കുറിച്ചും ഓരോ ലോജിസ്റ്റീഷ്യനും അറിവുണ്ടാവണം.

*🏛️🏛️ എവിടെ പഠിക്കാം?*

🔰 ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ വിവിധ തലത്തിലുള്ള കോഴ്സുകൾ ലഭ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ ഈ വിഷയത്തിൽ ഡിപ്ലോമ, ബിരുദാനന്തരബിരുദം, ബിരുദം, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾ നടത്തിവരുന്നുണ്ട്. 

*🔰 ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി ചേരാതെ അവിടെ നടത്തുന്ന കോഴ്സിന്റെ അംഗീകാരത്തെക്കുറിച്ചോ സിലബസിനെക്കുറിച്ചോ പഠനസൗകര്യങ്ങളെക്കുറിച്ചോ മുൻകൂട്ടി അന്വേഷിച്ചുവേണം സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ.*

🔰 മാനേജർ തലത്തിലുള്ള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ എം.ബി.എ.യോ മറ്റെതെങ്കിലും ബിരുദാനന്തരബിരുദ കോഴ്സോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ഇപ്പോൾ എം.ബി.എ. കോഴ്സുകളുണ്ട്. സൂപ്പർവൈസർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ തലത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ കോഴ്സുകൾ ചെയ്യാം. സ്വകാര്യമേഖലയാണ് ലോജിസ്റ്റിക്സ് കോഴ്സുകൾ കൂടുതലായും നടത്തുന്നത്.

🔰 പാർട്ട്ടൈം കോഴ്സുകൾ പഠിച്ചിറങ്ങിയവർക്ക് പോലും ഈ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ കിട്ടുന്നു. മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ ഇഷ്ടംപോലെ ലോജിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ പ്രധാനമായും കൊച്ചിയിൽ ധാരാളം സ്വകാര്യ സ്ഥാപനങ്ങൾ ലോജിസ്റ്റിക്സ് കോഴ്സ് നടത്തുന്നുണ്ട്.


*🔲 പഠനം ഇന്ത്യയിൽ*


▶️ ഐ.ഐ.എം. കൊൽക്കത്തയിൽ നടക്കുന്ന അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്ന ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്സാണ് ഈ മേഖലയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച കോഴ്സ്. ദേശീയതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിൽ മികവ് തെളിയിച്ചവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ഡിഗ്രിക്ക് 55 ശതമാനം മാർക്കും മൂന്നുവർഷമെങ്കിലും പ്രവൃത്തിപരിയമുള്ളവർക്കും കോഴ്സിന് അപേക്ഷിക്കാം.


▶️ ചെന്നൈയിലെ സി.ഐ. ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ഈ രംഗത്ത് പ്രമുഖമായ സ്ഥാപനമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഗ്രാജ്വേറ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവ സ്ഥാപനം നടത്തിവരുന്നു. ലോജിസ്റ്റിക്സ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിലാണ് കോഴ്സുകൾ. ഫോൺ-044- 42928900


▶️ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽ മാനേജ്മെന്റ് റഗുലറായും വിദൂരമായും ഈ മേഖലയിൽ എം.ബി.എ. കോഴ്സുകൾ നടത്തുന്നു. സപ്ലൈ ചെയിൻ മാനേജ്മെന്റിൽ വിദൂരമായി എം.ബി.എ. ചെയ്യാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ റെഗുലറായും എം.ബി.എ. കോഴ്സ് ചെയ്യാം. ഡിഗ്രിയാണ് യോഗ്യത.
കേരളത്തിലെ കോഴ്സുകൾ

▶️ കൊച്ചി കുസാറ്റ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ. കോഴ്സ് നടത്തുന്നു.


▶️ കൊച്ചി സിയാൽ അക്കാദമി, ഡിപ്ലോമ ഇൻ എയർ കാർഗോ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ് നടത്തുന്നു. ആറുമാസമാണ് കോഴ്സ് കാലാവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫോൺ: 0484-2611785, 2611786


▶️ കൊച്ചിയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ എം.ബി.എ. ഇൻ ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്ന കോഴ്സുണ്ട്. ഫോൺ: 0484-2989402, 2118542, 2989404


▶️ സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. ആറുമാസമാണ് കാലാവധി. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

▶️ കൊച്ചിയിലെ ഏഷ്യ മെർക്കന്റൈൽ ആൻഡ് മാരിടൈം അക്കാദമി ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്സ് പഠിപ്പിക്കുന്നു. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമാണ് അവസരം. 40 വിദ്യാർഥികൾക്കാണ് പ്രവേശനം.

▶️ കൊച്ചി കളമശ്ശേരിയിലെ സ്കൂൾ ഓഫ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് എന്നീ സ്ഥാപനങ്ങളും ഈ മേഖലയിലെ കോഴ്സുകൾ നടത്തി വരുന്നു.

▶️ കളമശ്ശേരിയിലെ വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ എന്ന സ്ഥാപനം എം.ബി.എ. (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്), പി.ജി. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ കോഴ്സുകൾ നടത്തിവരുന്നു. ഫോൺ: 0484-2559995, 2542888

▶️ ഇതിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങൾ ലോജിസ്റ്റിക്സിൽ കോഴ്സുകൾ നടത്തുന്നുണ്ട്


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students